ഇടുക്കി: കട്ടപ്പന ഫയർ & റെസ്‌ക്യൂ നിലയത്തിലേക്ക് പുതുതായി അനുവദിച്ച ആംബുലൻസിന്റെ ഫ്ളാഗ് ഓഫ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. നിലവിലെ കാലാവസ്ഥയ്ക്ക് അനുസരിച്ച് ഉണർന്ന് പ്രവർത്തിക്കേണ്ട സമയമാണെന്നും സേനവിഭാഗങ്ങൾ കാണിക്കുന്ന ജാഗ്രത അഭിനന്ദനാർഹമാണെന്നും ആംബുലൻസിന്റെ ഫ്ളാഗ് ഓഫ് നിർവഹിച്ച് അദ്ദേഹം പറഞ്ഞു. കാലവർഷത്തിൽ ജില്ലയിലെ വിവിധയിടങ്ങളിൽ നാശനഷ്ടമുണ്ടായി. അവിടെയെല്ലാം ഓടിയെത്താനും ശ്രദ്ധ കേന്ദീകരിക്കാനുമുള്ള അഗ്നിരക്ഷാ സേനയുടെ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും മന്ത്രി പറഞ്ഞു. പുതിയ കെട്ടിടം നിർമ്മിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പു നൽകി. കട്ടപ്പന നഗരസഭ വാർഡ് കൗൺസിലർ സോണിയ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. കട്ടപ്പന അഗ്നിരക്ഷാ നിലയം സ്റ്റേഷൻ ആഫീസർ ടി.കെ. സന്തോഷ് കുമാർ സ്വാഗതവും അസിസ്റ്റന്റ് സ്റ്റേഷൻ ആഫീസർ ടി.എച്ച് സാദിക്ക് നന്ദിയും പറഞ്ഞു.