tree
റോഡിൽ വീണ മരം വൈദ്യുതി ബോർഡ് ജീവനക്കാരും നാട്ടുകാരും ചേർന്ന് മുറിച്ചു മാറ്റുന്നു

ചെറതോണി: അപകട ഭീഷണിയായി നിന്ന മരം മുറിക്കാൻ അനുമതി ലഭിച്ചപ്പോഴേക്കും കാറ്റിലും മഴയിലും താനെ കടപുഴകി വീണു. കാറ്റിൽ മരം വൈദ്യതി ലൈൻ തകർത്ത് റോഡിലേക്കു പതിച്ചതിനാൽ സമീപത്തെ വീട്ടുകാർ രക്ഷപ്പെട്ടു. ചേലച്ചുവട്- വണ്ണപ്പുറം റോഡിൽ കത്തിപ്പാറത്തടത്ത് റോഡരികിൽ വീടിനു ഭീഷണിയായി നിൽക്കുന്ന മരം കാലവർഷത്തിനു മുമ്പ് വെട്ടിമാറ്റിത്തരണമെന്ന് ആവശ്യപ്പെട്ട് ഒന്നര മാസം മുമ്പ് ആയത്ത് പാടത്ത് ഗ്രേസി ജോസഫ് എന്ന വീട്ടമ്മ കഞ്ഞിക്കുഴി പഞ്ചായത്തിനെ സമീപിച്ചിരുന്നു. പഞ്ചായത്തിൽ നിന്നുള്ള അന്വേഷണത്തിൽ മരം വെട്ടുന്നതിനു അനുമതി നൽകേണ്ടത് പൊതു മരാമത്ത് വകുപ്പാണന്ന് കണ്ടെത്തി. പഞ്ചായത്ത് പരാതി പൊതുമരാമത്ത് വകുപ്പിനു കൈമാറി അവർ സ്ഥലത്തു വന്ന് അന്വേഷണം നടത്തി പരാതി ശരിയാണന്ന് പി.ഡബ്ല്യു.ഡി എൻജിനീയർക്ക് റിപ്പോർട്ടു നൽകി. ഇതനുസരിച്ച് പൊതുമരാമത്ത് വകുപ്പ് മരം വെട്ടിമാറ്റുന്നതിന് കഞ്ഞിക്കുഴി പഞ്ചായത്ത് സെക്രട്ടറിക്ക് അനുമതി നൽകി. സെക്രട്ടറി വാർഡ് മെമ്പർക്ക് കൈമാറി. അനുമതി കിട്ടിയ വ്യാഴാഴ്ച രാത്രി കാറ്റിലും മഴയിലും മരം കടപുഴകി വൈദ്യുതി ലൈൻ തകർത്ത് റോഡിൽ വീണു. ഭാഗ്യത്തിനു മരം വീട്ടിൽ പതിക്കാതിരുന്നതു മൂലം പരാതിക്കാരി രക്ഷപെട്ടു. ഒരു പ്രദേശം മുഴുവൻ വൈദ്യതി ബന്ധം നിലച്ചു. ഗതാഗതം താറുമാറായി. ഒടുവിൽ വൈദ്യതി ബോർഡിൽ നിന്ന് ജോലിക്കാരെത്തി മരം റോഡിൽ നിന്ന് മുറിച്ചുമാറ്റി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു.