deen
ഡീൻ കുര്യാക്കോസ് എം.പി. സംഭവസ്ഥലം സന്ദർശിക്കാനെത്തിയപ്പോൾ

ചെറുതോണി: ഇടുക്കി ജലാശയത്തിൽ കാണാതായ സഹോദരങ്ങൾക്കായുള്ള തിരച്ചിൽ നാലാം ദിനവും വിഫലം. അഗ്‌നി രക്ഷാ സേനയുടെ സ്‌കൂബാ സംഘവും എൻ.ഡി.ആർ.എഫ് സംഘവും ഇന്നലെയും ഊർജ്ജിതമായ തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. രണ്ടു ടീമുകൾ നാലായി തിരിഞ്ഞായിരുന്നു തിരച്ചിൽ. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഇന്നലെ വൈകിട്ട് അഞ്ചിനാണ് തിരച്ചിൽ നിറുത്തിവച്ചത്. തിരച്ചിൽ ഇന്നും തുടരും. ഉൾവനത്തിലായതിനാൽ തിരച്ചിൽ ദുഷ്‌കരമാണ്. നാട്ടുകാരുടെ നേതൃത്വത്തിൽ കണ്ണങ്കയത്ത് പടുതാ ഷെഡ് കെട്ടി രാത്രി ജലാശയത്തിന് സമീപം താമസിച്ച് നിരീക്ഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ആധുനിക ഉപകാരണങ്ങളോടെ നേവിയുടെ മുങ്ങൽ വിദഗ്ദ്ധ സംഘത്തെ എത്തിച്ച് തിരച്ചിൽ നടത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഡാമിൽ മീൻ പിടിക്കാൻ പോയ ചക്കിമാലി മുല്ലക്കാനം കോഴിക്കാട്ട് കുട്ടപ്പന്റെ മക്കളായ ബിജു (38) ബിനു (36) എന്നിവരെ ബുധനാഴ്ചയാണ് കാണാതായത്. ഡാമിൽ കെട്ടിയിരുന്ന വലയിൽ കുടുങ്ങിയ മീൻ എടുക്കാൻ പുലർച്ചെ പോയതായിരുന്നു. വ്യാഴാഴ്ച നടത്തിയ തിരച്ചിലിൽ ഇവരുടെ വള്ളവും വലയും മൊബൈൽ ഫോണും കണ്ടെത്തിയിരുന്നു. ഡീൻ കുര്യാക്കോസ് എം.പി ഇന്നലെ സംഭവസ്ഥലം സന്ദർശിച്ചിരുന്നു. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ജയ തിലക്, എ.ഡി.എം ഷൈജു പി. ജേക്കബ്, ഇടുക്കി തഹസീൽദാർ വിൻസെന്റ് ജോസഫ് എന്നിവർ വൈദ്യുതി ബോർഡിന്റെ ബോട്ടിൽ കണ്ണങ്കയത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. വെള്ളിയാഴ്ച എ.ഡി.എമ്മിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ ബിജുവിന്റെയും ബിനുവിന്റെയും ചക്കിമാലിയിലെ വീട്ടിലെത്തിയിരുന്നു. മന്ത്രി റോഷി ആഗസ്റ്റിൻ ഇന്നു രാവിലെ 10ന് സ്ഥലത്തെത്തി കുടുംബാംഗങ്ങളെ കാണും.