ഇടുക്കി: മഴ കനത്തതോടെ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു. 24 മണിക്കൂറിനിടെ ഇടുക്കി സംഭരണിയിൽ രണ്ട് അടിയോളം വെള്ളം കൂടി. ഇന്നലെ രാവിലെ രേഖപ്പെടുത്തിയ കണക്ക് പ്രകാരം 2367.44 അടിയാണ് ജലനിരപ്പ്. പരമാവധി സംഭരണശേഷിയുടെ 61.54 ശതമാനം. കഴിഞ്ഞ വർഷം ഇതേ സമയം ഇത് 2333.62 അടിയായിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 34 അടിയോളം വെള്ളം കൂടുതലാണ്. പദ്ധതി പ്രദേശത്ത് 8.46 സെ.മീ മഴ പെയ്തപ്പോൾ 64.094 മില്യൺ യൂണിറ്റ് വെള്ളം ഒഴുകിയെത്തി. 15.985 മില്യൺ യൂണിറ്റാണ് വൈദ്യുതി ഉത്പാദനം. നിലവിലെ കേന്ദ്ര ജലകമ്മിഷന്റെ നിർദേശ പ്രകാരമുള്ള റൂൾ കർവ് 2380.58 അടിയാണ്. 2372.58 അടി എത്തിയാൽ ബ്ലൂ അലർട്ട് പ്രഖ്യാപിക്കും.
ഇടുക്കിയ്ക്കൊപ്പം ഇടമലയാറിലും ജലനിരപ്പുയർന്നു, 54% ആണ് ജലശേഖരം. ജില്ലയിൽ കല്ലാർകുട്ടി, പാബ്ല, മലങ്കര ഡാമുകളുടെ ഷട്ടർ തുറന്നിട്ടുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള നീരൊഴുക്കും വർദ്ധിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ട് ലഭിച്ച കണക്ക് പ്രകാരം ജലനിരപ്പ് 134.4 അടി പിന്നിട്ടു. വെള്ളിയാഴ്ച രാവിലെ 131.50 അടിയായിരുന്നു. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് കനത്ത മഴയാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളായി അനുഭവപ്പെടുന്നത്. സെക്കന്റിൽ 5436 ഘനയടി ജലമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. തമിഴ്‌നാട് കൊണ്ട് പോകുന്ന വെള്ളത്തിന്റെ തോത് 900 ഘനയടിയായി ഉയർത്തി. 142 അടിയാണ് മുല്ലപ്പെരിയാറിൽ അനുവദനീയമായ സംഭരണശേഷി.
മൂന്നാറിൽ കിട്ടിയത് 30 സെ.മീ മഴ
കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്ക് പ്രകാരം രണ്ട് ദിവസത്തിനിടെ മൂന്നാറിൽ കിട്ടിയത് 30 സെ.മീ. മഴ. 18.82 സെ.മീ. ആണ് ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ കിട്ടിയത്. വ്യാഴാഴ്ച 11.92 സെ.മീ. മഴയാണ് പെയ്തത്. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇന്നലെ പകൽ മുതൽ മഴക്ക് ശമനം വന്നിട്ടുണ്ടെങ്കിലും 2020 ആഗസ്റ്റിലെ പെട്ടിമുടി ഉരുൾപൊട്ടൽ ദുരന്തം പോലുള്ളവ മുന്നിൽ നിൽക്കുന്നതിനാൽ മൂന്നാർ മേഖല അതീവ ജാഗ്രതയിലാണ്.