padutha
കരിക്കിൻ മേടിൽ സ്വകാര്യവ്യക്തിയുടെ ഭൂമിയിൽ ഉള്ള പടുതാ കുളങ്ങളിൽ ഒന്ന്

ചെറുതോണി:കാമാക്ഷി പഞ്ചായത്തിലെ കരിക്കിൻമേടിന് സമീപം കൃഷിയിടത്തിൽ നിർമ്മിച്ച പടുതാക്കുളങ്ങൾ നാട്ടുകാർക്ക് ഭീഷണിയാകുന്നു. മലമുകളിൽ സ്വകാര്യ കൃഷിയിടത്തിൽ നിർമ്മിച്ച മൂന്ന് പടുതാകുളങ്ങളാണ് താഴ്‌വാരത്തെ ഇരുപതോളം വീടുകൾക്ക് ഭീഷണിയായിരിക്കുന്നത്.
കാമാക്ഷി മരിയാപുരം പഞ്ചായത്തുകളുടെ അതിർത്തി ഗ്രാമങ്ങളായ പ്രകാശ്, കരിക്കിൻമേട് ഉപ്പുതോട് പ്രദേശങ്ങൾ ഓരോ മഴക്കാലവും നിരവധി മണ്ണിടിച്ചിലുകൾക്കും ഉരുൾ പൊട്ടലുകൾക്കും സാക്ഷ്യം വഹിക്കുന്ന ദുരന്ത ഭൂമിയാണ്. ഇവിടുത്ത തൂക്കായ കരിക്കിൻമേട് മലമുകളിലാണ് രണ്ടു സ്വകാര്യവ്യക്തികളുടെ കൃഷിയിടത്തിലായി നാട്ടുകാർക്ക് ജീവന് ഭീഷണിയായി മൂന്ന് പടുതാക്കുളങ്ങൾ നിർമ്മിച്ചിരിക്കുന്നത്. രണ്ടുലക്ഷത്തിലധികം ലിറ്റർ വെള്ളം സംഭരിക്കാവുന്ന ഈ പടുതാകുളങ്ങൾ നിർമ്മിച്ചിരിക്കുന്നത് തികച്ചും അശാസ്ത്രീയമായാണന്നും ഉറപ്പില്ലാത്ത മണ്ണിനു മുകളിൽ ആണെന്നുമാണ് നാട്ടുകാരുടെ ആശങ്ക. നാട്ടുകാരുടെ പരാതിയെ തുടർന്ന് ഉപ്പുതോട് വില്ലേജ് ഓഫീസർ അപകടാവസ്ഥയിലായ ഈ കുളങ്ങൾ മൂടണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആഴ്ച്ചകൾ പിന്നിട്ടിട്ടും കൃഷിയുടമകൾ ഇക്കാര്യം അംഗീകരിച്ചില്ല. 2018 ലെ കാലവർഷക്കെടുതിയിൽ സമീപത്ത് തന്നെ ഉരുൾപൊട്ടൽ ഉണ്ടാവുകയും നാലുപേരുടെ മരണത്തിനിടയാക്കിയ വൻ ദുരന്തവും സംഭവിച്ചിരുന്നു. ഓരോ മഴക്കാലത്തും ഉപ്പുതോട്, കിളിയാർകണ്ടം, കരിക്കിൻമേട് മേഖലയിൽ മണ്ണിടിച്ചിലും ഉരുൾ പൊട്ടലും പതിവാണ്. സിമന്റ് ചാക്കിൽ മണ്ണ് നിറച്ച് തികച്ചും അശാസ്ത്രീയമായി നിർമ്മിച്ചകൂറ്റൻപടുത കുളങ്ങൾക്ക് നാശം സംഭവിച്ചാൽ മലയടിവാരത്ത് താമസിക്കുന്ന ഇരുപതോളം വീടുകൾക്ക് നാശമുണ്ടാകുമെന്നും പ്രദേശത്തു മഴ ശക്തമായതോടെ കടുത്ത ആശങ്കയിലാണെന്നും നാട്ടുകാർ പറയുന്നു. അടിയന്തിരമായി ജില്ലാ ഭരണകൂടം ഇടപെട്ട് കുളങ്ങൾ പൊളിച്ചു നീക്കണമെന്നും ജനങ്ങളുടെ ജീവന് സംരക്ഷണം നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു .

സുരക്ഷ ആര് ഉറപ്പ് നൽകും

കാലവർഷക്കെടുതികൾ ഏറെ അനുഭവിച്ചിട്ടുള്ളവരാണ് കാമാക്ഷി മരിയാപുരം പഞ്ചായത്ത് നിവാസികൾ. പ്രകൃതി ദുരന്തങ്ങൾക്കൊപ്പം മനുഷ്യനിർമ്മിത ദുരന്തങ്ങൾകൂടി ഏറ്റുവാങ്ങേണ്ട അവസ്ഥയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. പടുതാക്കുളങ്ങൾ നിർമ്മിക്കുന്നതിന് പാലിക്കേണ്ട ഒരു സരക്ഷയും ഉറപ്പാക്കാതെ അശാസ്ത്രീയമായി നിർമ്മിച്ച് നാട്ടുകാരുടെ ജീവന് ഭീഷണി ഉയർത്തിയിരിക്കുകയാണ്. ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് ജില്ലാതലത്തിൽ മുതൽ പ്രാദേശികതലംവരെ പലതരത്തിലുമുള്ള ചർച്ചകൾ നടക്കുമ്പോഴു കൺമുന്നിലെ അപകട ഭീഷണി കാണാതെ പോവുകയാണ്.