ഇടുക്കി : ജില്ലയിലെ വിവിധ ഗ്രാമപ്പഞ്ചായത്തുകളിലെ ഹയർ സെക്കന്ററി സ്‌കൂളുകളിൽ ഹരിതകേരളത്തിന്റെ ജലഗുണനിലവാര പരിശോധനാ ലാബുകളുടെ നിർമ്മാണം ഇന്ന് തുടങ്ങും. പഞ്ചായത്തുകളിൽ ഒരു സ്‌കൂളിലെങ്കിലും സൗജന്യമായി ജലം പരിശോധിക്കാൻ സംവിധാനമൊരുക്കുന്നതിനാണ് ഹരിതകേരളം പദ്ധതി ലക്ഷ്യമിടുന്നത്.
ജില്ലയിൽ36 ലാബുകളാണ് എംഎൽഎ ഫണ്ടിൽ നിന്നും ലഭ്യമാക്കിയ തുകയുപയോഗിച്ച് നിർമ്മിക്കുന്നത്. 15 ദിവസത്തിനുള്ളിൽ ഇവയുടെ നിർമ്മാണം പൂർത്തിയാക്കും. ഇരട്ടയാർ സെന്റ് തോമസ് ഹയർസെക്കൻഡറി സ്‌കൂൾ ലാബിന്റെ നിർമ്മാണമാണ് ആദ്യമായി പൂർത്തിയാക്കുക. കട്ടപ്പന സെന്റ് ജോർജ് ഹയർസെക്കന്ററി സ്‌കൂളിലെ ലാബിന്റെയടക്കമുള്ള ഒമ്പത് ലാബുകളുടെ നിർമ്മാണവും വരുംദിവസങ്ങളിൽ പൂർത്തിയാക്കും. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്‌മെന്റ് കോർപ്പറേഷനാണ് ജലലാബുകൾ നിർമ്മിക്കുന്നത്. സ്‌കൂളുകളിലെ ലാബിനോടനുബന്ധിച്ചാകും ജലലാബുകളും നിർമ്മിക്കുക.
ഹയർ സെക്കന്ററി സ്‌കൂളുകളിലെ കെമിസ്ട്രി അദ്ധ്യാപകർക്കാണ് ലാബുകളുടെ പ്രധാന ചുമതല. ഇദ്ദേഹത്തിന് ഹരിത കേരളം ജലപരിശോധനയിൽ പരിശീലനം നൽകിയിരുന്നു.ലാബുകൾ പ്രവർത്തന സജ്ജമാകുന്ന മുറയ്ക്ക് ഇവർക്ക് വീണ്ടും പരിശീലനം നൽകും.
ലാബുകൾക്കായി
46.29 ലക്ഷം
ഹരിതകേരളത്തിന്റെ ജല സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് എല്ലാ ഗ്രാമപ്പഞ്ചായത്തുകളിലെയും ഹയർ സെക്കന്ററി സ്‌കൂളുകളിൽ എംഎൽഎമാരുടെ സഹായത്തോടെ ജല ലാബുകൾ തുറക്കുന്നത്.പീരുമേട്ടിൽ 7,50,000രൂപ, ഉടുമ്പഞ്ചോലയിൽ 11,25,000 രൂപ, തൊടുപുഴയിൽ 7,54,000രൂപ, ദേവികുളത്ത് 9ലക്ഷം ,ഇടുക്കി യിൽ 12,50,000 രൂപഎന്നിങ്ങനെ 46.29 ലക്ഷം രൂപയാണ് ലാബുകളുടെ നിർമ്മാണത്തിനായി അനുവദിച്ചത്.
സൗജന്യ പരിശോധന
ശുദ്ധജലം എല്ലാ വീടുകളിലും ഉറപ്പാക്കുന്നതിനൊപ്പം ജല മലിനീകരണത്തിന്റെ വിവിധ വശങ്ങൾ കുട്ടികളിലൂടെ സമൂഹത്തെയാകെ ബോദ്ധ്യപ്പെടുത്തുന്നതിനാണ് ജല ലാബുകൾ ലക്ഷ്യമിടുന്നത്.സ്‌കൂൾ ലാബുകളിൽ തികച്ചും സൗജന്യമായാണ് ജലപരിശോധിച്ചു നൽകുക.വെള്ളത്തിന്റെ നിറം, ഗന്ധം,പി എച് മൂല്യം,ലവണ സാന്നിദ്ധ്യം,ലയിച്ചു ചേർന്ന ഖരപദാർഥത്തിന്റെ അളവ്,നൈട്രേറ്റിന്റെ അളവ്,അമോണിയ,കോളിഫോം എന്നീ ഘടകങ്ങൾ ബി.ഐ.എസ്. മാനദണ്ഡത്തിലുള്ള നിലവാരമുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് പരിശോധിക്കുന്നതിനുള്ള സജ്ജീകരണങ്ങൾ സ്‌കൂൾ ലാബിലുണ്ടാകും.
വീടുകളിലെ വെള്ളം ശേഖരിക്കുന്നതു മുതൽ പരിശോധനാ ഫലം വരെ ഹരിതദൃഷ്ടിയെന്ന ഹരിതകേരളം മിഷന്റെ ആപ്ലിക്കേഷനിൽ അപ് ലോഡ് ചെയ്യുന്നതിനും സംവിധാനമുണ്ടാകും.സ്‌കൂളിലെത്തുന്ന എല്ലാ പരിശോധനകളും രേഖപ്പെടുത്തുന്നതിനായി രജിസ്റ്ററുമുണ്ടാകും. പ്രത്യേകം ശ്രദ്ധിക്കേണ്ട എന്തെങ്കിലും ദോഷം പരിശോധനയിൽ കണ്ടെത്തിയെങ്കിൽ ആരോഗ്യ വകുപ്പിന്റെയും തദ്ദേശ ഭരണ സ്ഥാപ മേധാവിയെയും അറിയിക്കുന്നതിനും സംവിധാനമുണ്ടാകും.