വെള്ളിയാമറ്റം : തടിയനാൽ ഊര് വിദ്യാ കേന്ദ്രത്തിലേക്ക് സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ ലാപ്‌ടോപ്പ് കൈമാറി. ഗോത്രവർഗ്ഗ മേഖലകളിൽ നിന്നുള്ള കുട്ടികളുടെ വ്യക്തിത്വ വികസനത്തിനും പഠന പിന്തുണയ്ക്കുമായി സമഗ്ര ശിക്ഷ കേരള നടപ്പിലാക്കുന്ന പദ്ധതിയാണ് ഊര് വിദ്യാകേന്ദ്രം. കരിമണ്ണൂർ ബി.ആർ.സി. യുടെ പരിധിയിലുള്ള ഏക ഊര് വിദ്യാ കേന്ദ്രമാണ് തടിയനാലിൽ പ്രവർത്തിക്കുന്നത്. ബി.ആർ.സി അദ്ധ്യാപകരുടെയും സമീപ സ്‌കൂളുകളിലെ അദ്ധ്യാപകരുടെയും സേവനം ഊര് വിദ്യാ കേന്ദ്രത്തിൽ ലഭ്യമാക്കിയിട്ടുണ്ട്. സമഗ്ര ശിക്ഷ ഇടുക്കിയുടെ നേതൃത്വത്തിൽ ലഭ്യമാക്കിയ ലാപ്‌ടോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദു ബിജു വിദ്യാകേന്ദ്രം അധികൃതർക്ക് കൈമാറി. ഊരുമൂപ്പൻ സുധാകരൻ, ബി.പി.സി. സിന്റോ ജോസഫ്, ബി.ആർ.സി. ട്രെയിനർ ഷീല തോമസ്, നാളിയാനി ജി.എൽ.പി.എസ്. അദ്ധ്യാപകൻ ജെയിംസ്. കെ.ജേക്കബ്, ഊരുവിദ്യാകേന്ദ്രം വോളണ്ടിയർ ആതിര ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.