തൊടുപുഴ: റവന്യു വകുപ്പിന്റെ കരിമണ്ണൂരിലുള്ള ഭൂമി പതിവ് ഓഫീസിന്റെ സ്ഥിതി ഏറെ ദയനീയം. ജീവനക്കാർക്ക് നിന്ന് തിരിയാൻ പോലും കഴിയാത്ത ഇടുങ്ങിയ അവസ്ഥയാണെന്ന് ഇവിടെ ഒരു പ്രാവശ്യമെങ്കിലും എത്തിയവർക്ക് ബോധ്യമാകും.റാക്കിലും മേശപ്പുറത്തും കുത്തി നിറച്ചും നിലത്തുമായിട്ടാണ് ഫയലുകൾ അട്ടിയായി വെച്ചിരിക്കുന്നതും.കരിമണ്ണൂർ, വണ്ണപ്പുറം,ഉടുമ്പന്നൂർ,വെള്ളിയാമറ്റം, അറക്കുളം എന്നിങ്ങനെ അഞ്ച് പഞ്ചായത്തുകളിലെ ഭൂപതിവ് ജോലികൾ പൂർണ്ണമായും ഈ ഓഫീസിന്റെ പരിധിയിലുമാണ്. അതിപ്രാധാന്യമുള്ള ഓഫീസിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ മാറിമാറി ഭരണത്തിൽ എത്തിയ അധികൃതർക്ക് വർഷങ്ങളായി കഴിഞ്ഞിട്ടുമില്ല. ഓഫീസിന്റെ അടിസ്ഥാന സൗകര്യം കൂടുതൽ മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രദേശികമായിട്ടുള്ള വിവിധ സംഘടനകളും സർവീസ് സംഘടനകളും അധികൃതർക്ക് വർഷങ്ങളായി നിവേദനങ്ങൾ നൽകിയെങ്കിലും നടപടികൾ ആകുന്നില്ല.വിവിധ പഞ്ചായത്ത് പ്രദേശങ്ങളിൽ നിന്ന് ആറായിരത്തോളം അപേക്ഷകളാണ് ഇവിടെ കെട്ടികിടക്കുന്നതും. ഓഫീസിന്റെ വിസ്തൃതമായ പ്രവർത്തന പരിധി പ്രകാരം നിലവിലുള്ള ജീവനക്കാരുടെ എണ്ണം അപര്യാപ്തമാണ്.കൂടുതൽ ജീവനക്കാരെ ഇവിടേക്ക് നിയമിച്ചാൽ ഓഫീസിന്റെ സ്ഥല പരിധിയിൽ ഉൾക്കൊള്ളാനും കഴിയില്ല. നിലവിലുള്ള ജീവനക്കാരിലൂടെ ഒരുവർഷം തയ്യാറാക്കാൻ കഴിയുന്നത് 1000 പട്ടയങ്ങൾ മാത്രമാണ്.കൊവിഡ് വ്യാപനവും നിയന്ത്രണങ്ങളും തുടരുന്നതിനാൽ നടപടികൾ ഇനിയും വൈകും.
അടിസ്ഥാന സൗകര്യങ്ങളുടെ അപാകതയിൽ പട്ടയ നടപടികൾ വൈകുന്നത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് മൂന്ന്,നാല് സെന്റ് മാത്രം ഭൂമിയുള്ളവരേയും ഗോത്രവർഗ്ഗക്കാരുൾപ്പെടെയുള്ള കർഷകരേയും കൂലിപ്പണിക്കാരെയുമാണ്.