roshy

ഇടുക്കി: കുളമാവ് ഡാമിൽ മീൻ പിടിക്കാൻ പോയി കാണാതായവർക്കായുള്ള തിരച്ചിലിന് സർക്കാരിന്റെ ഭാഗത്ത് നിന്ന് ചെയ്യാൻ സാധിക്കുന്ന എല്ലാ നടപടികളും ചെയ്യുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. മന്ത്രിയോടൊപ്പം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ജില്ലാ കളക്ടർ ഷീബ ജോർജ്, എഡിഎം ഷൈജു പി ജേക്കബ്, അറക്കുളം പഞ്ചായത്ത് പ്രസിഡന്റ് വിനോദ് കെ എസ്, പഞ്ചായത്ത് അംഗം അംഗം കെ എൽ ജോസഫ് തുടങ്ങിയവരും ഉണ്ടായിരുന്നു.കുടുംബത്തിന്റെ ആശ്രയമായ ബിജു, ബിനു എന്നിവരെ കാണാതായതോടെ വീട്ടുകാരുടെ ആശങ്ക തിരച്ചിൽ ടീമിനോട് ഒപ്പമുള്ള നാട്ടുകാർ മന്ത്രിയോട് പങ്കുവെച്ചു. കുട്ടികളുടെ വിദ്യാഭ്യാസമടക്കമുള്ള കാര്യങ്ങളിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി.

തിരച്ചിൽ ഇന്നും തുടരും

കുളമാവ് ഡാമിൽ മീൻ പിടിക്കാൻ പോയി കാണാതായവർക്കുള്ള തിരച്ചിൽ തിങ്കളാഴ്ച്ചയും തുടരുമെന്ന് അധികൃതർ പറഞ്ഞു.
നാല് ഡിങ്കികളിലായി തൊടുപുഴ, മൂവാറ്റുപുഴ അഗ്‌നി രക്ഷാ സേനകളുടെ 11 അംഗ ഡൈവിംഗ് വിദഗ്ദ്ധരടങ്ങുന്ന രണ്ട് സംഘം സ്‌കൂബാ ടീമും ദുരന്ത നിവാരണ സേനയുടെ രണ്ട് ടീമും ഇന്നലെയും ഡാമിൽ തിരച്ചിൽ നടത്തി.