മൂന്നാർ: കാലവർഷക്കെടുതി മുൻകരുതൽ നടപടികളുടെ ഭാഗമായി മൂന്നാറിൽ കൂടുതൽ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചു. മൂന്നാർ മൗണ്ട് കാർമ്മൽ ചർച്ച് ഓഡിറ്റോറിയം ക്യാമ്പിൽ നിലവിൽ 44 പേരെ താമസിപ്പിച്ചിട്ടുണ്ട്. മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് അന്തോണിയാർ കോളനിയിൽ നിന്നടക്കമുള്ള കുടുംബങ്ങളെയാണ് ക്യാമ്പിലേക്ക് മാറ്റിയിട്ടുള്ളത്. 2005ൽ അന്തോണിയാർ കോളനിയിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് സ്ഥാപിച്ച ഭൂകമ്പമാപിനിയിൽ നിന്നുള്ള ഉരുൾപൊട്ടൽ മുന്നറിയിപ്പിനെ തുടർന്നാണ് കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുള്ളത്. അന്തോണിയാർ കോളനിക്ക് പുറമെ എം ജി കോളനിയിൽ നിന്നുള്ള ചില കുടുംബങ്ങളേയും മുൻകരുതൽ നടപടികളുടെ ഭാഗമായി ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. കോളനികളിൽ നിന്നുള്ള 114 പേർ ബന്ധുവീടുകളിലേക്കും മാറി. . . ഡീൻ കുര്യാക്കോസ് എം. പിയും അഡ്വ. എ രാജ എം. എൽ. എ യും മൂന്നാറിലെ ക്യാമ്പ് സന്ദർശിച്ചു. ദേവികുളം സബ് കളക്ടർ രാഹുൽ കൃഷ്ണ, ദേവികുളം തഹസിൽദാർ ആർ രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് മൂന്നാറിലും സമീപമേഖലകളിലും സുരക്ഷാ മുന്നൊരുക്കങ്ങൾ നടത്തുന്നത്.