ചെറുതോണി: വാഴത്തോപ്പ് കെ.എസ്.ഇ.ബി കോളനിയിൽ കുടിവെള്ളം നിലച്ച് ആറു ദിവസം കഴിഞ്ഞിട്ടും പരിഹരിക്കാത്തതിനാൽ 200 കുടുംബങ്ങളുടെ കുടിവെള്ളം മുടങ്ങി. ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെ വീഴ്ചമൂലമാണ് കുടിവെള്ളം തടസ്സപ്പെടുന്നതെന്ന് താമസക്കാർ പറുന്നു. വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും പ്രളയക്കെടുതിയിൽ വീടു നഷ്ടപ്പെട്ടവരുമാണ് ഇവിടെ താമസിക്കുന്നത്. ഇതിൽ സർക്കാർ ഓഫീസുകളിലെ ജീവനക്കാർ വാടകയടക്കുന്നവരാണ്. കുടുംബമായി താമസിക്കുന്ന ഇവർ വെള്ളം കിട്ടാതായതോടെ മഴവെള്ളമുപയോഗിച്ചാണ് പ്രാഥമികാവശ്യങ്ങൾ നിർവ്വഹിക്കുന്നത്. കുടിവെള്ളം വാഹനങ്ങളിൽ എത്തിച്ചാണിപ്പോൾ കഴിയുന്നത്. ഇടുക്കി അണക്കെട്ടിന്റെ നിർമ്മണകാലത്ത് സ്ഥാപിച്ച പൈപ്പുകളാണ് കുടിവെള്ള വിതരണത്തിനുപയോഗിക്കുന്നത്. കാലപ്പഴക്കം മൂലം പൈപ്പ് പൊട്ടുക പതിവാണ്. പൈപ്പുമാറ്റുന്നതിനു കെ.എസ്.ഇ.ബി തീരുമാനമെടുത്തിരുന്നതാണെങ്കിലും ഇക്കാരളം ഇനിയും നടപ്പാക്കാനായില്ല. അണക്കെട്ടിൽനിന്നും പമ്പുചെയ്യുന്ന വെള്ളമാണ് കോളനിയിൽ കുടുവെള്ളത്തിനായി ഉപയോഗിക്കുന്നത്. പൈപ്പുപൊട്ടൽ വ്യാപകമായതോടെ വർഷങ്ങളായി ആയിരക്കണക്കിനു ലിറ്റർവെള്ളം പാഴായിപ്പോകുന്നുണ്ട്. വെള്ളം പാഴാകുന്നതിനാൽ അണക്കെട്ടിലെ വെള്ളമാണ് നഷ്ടപ്പെടുന്നത്. ജീവനക്കാർക്ക് കുടിവെള്ളം ലഭിക്കാതാവുകയും ചെയ്യും. ഇത്തരത്തിൽ ബോർഡിനു നഷ്ടമുണ്ടാകുന്നുണ്ടെങ്കിലും പൈപ്പുമാറ്റാത്തതിൽ ദുരൂഹതയുണ്ടെന്ന് താമസക്കാർ പറയുന്നു.

കയ്യേറ്റവും പതിവ്

കെ.എസ്.ഇ.ബിയുടെ കൈവശമുള്ള സ്ഥലത്തിന്റെ പകുതി ജില്ലാ പഞ്ചായത്തിനു വിട്ടുനൽകാൻ തീരുമാനമുണ്ടെങ്കിലും ഇതും നടപ്പാക്കിയിട്ടില്ല. കോളനിയിലെ തർക്കം മുതലെടുത്ത് കോളനിയിലെ ക്വാർട്ടേഴ്‌സുകൾ പലതും കയ്യേറിയിട്ടുണ്ട്. ഉത്തരവാദികളില്ലാ ത്തതിനാൽ കോളനിയിലെ കെട്ടിടങ്ങളും പൊളിച്ചുകൊണ്ടുപോകുന്നുണ്ട്.