തൊടുപുഴ: ജന്മദിനത്തലേന്ന് ആംബുലൻസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് യുവഡ്രൈവർക്ക് ദാരുണാന്ത്യം. തൊടുപുഴ ഹരിത ആംബുലൻസ് ഡ്രൈവറായ വഴിത്തല കൂനാനിക്കൽ പരേതനായ ജോർജിന്റെയും മോളിയുടെയും മകൻ ജിസ് കെ. ജോർജാണ് (28) അപകടത്തിൽ മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ 12.15ന് തൊടുപുഴ ചാഴികാട്ട് ആശുപത്രിക്ക് സമീപം പാപ്പൂട്ടി കടവിലായിരുന്നു അപകടം. അര കിലോ മീറ്റർ അകലെയുള്ള താമസ സ്ഥലത്ത് നിന്ന് ചാഴികാട്ട് ആശുപത്രിയിലേക്ക് വരുന്നതിനിടെ നിയന്ത്രണം വിട്ട് ജിസ് ഓടിച്ചിരുന്ന ആംബുലൻസ് പുഴയിലേക്ക് മറിയുകയായിരുന്നു. വലിയ ശബ്ദം കേട്ട് നാട്ടുകാർ വിളിച്ചറിയിച്ചതനുസരിച്ച് ഫയർഫോഴ്‌സ് സ്ഥലത്തെത്തുമ്പോൾ ആംബുലൻസ് പകുതിയോളം മുങ്ങിക്കിടക്കുന്നതാണ് കണ്ടത്. ജിസ് ഡ്രൈവർ സീറ്റിൽ നിന്ന് തെറിച്ച് എതിർ വിൻഡോയ്ക്ക് ഇടയിലൂടെ വെള്ളത്തിൽ തലകീഴായി കുടുങ്ങി കിടക്കുന്ന നിലയിലായിരുന്നു. പത്ത് മിനിറ്റ് നേരത്തെ ശ്രമഫലമായാണ് പുറത്തെടുക്കാനായത്. അബോധാവസ്ഥയിലായ ജിസിനെ ഫയർ ആൻഡ് റെസ്‌ക്യൂ ആഫീസർമാരായ ജിഷ്ണുവും സജാദും ചേർന്ന് പ്രഥമ ശുശ്രൂഷ നൽകി അടുത്തുള്ള ചാഴികാട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും ഇന്നലെ വൈകിട്ട് നാല് മണിയോടെ മരിക്കുകയായിരുന്നു. മാർച്ച് ഒന്നിനായിരുന്നു ജിസിന്റെ വിവാഹ നിശ്ചയം. ഇന്ന് ജന്മദിനമായതിനാൽ രണ്ടു ദിവസത്തെ അവധിയെടുത്ത് വീട്ടിലേക്ക് പോകാനിരിക്കെയാണ് അപകടം. ജിത്തു, ജിലി എന്നിവർ സഹോദരങ്ങളാണ്. സംസ്കാരം നാളെ കോലടി സെന്റ് തോമസ് പള്ളിയിൽ.