തൊടുപുഴ: ഏലം കർഷകരുടെ പ്രശ്‌നനങ്ങൾ പരിഹരിക്കുന്നതിനായി കേന്ദ്ര സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയലിനെ സന്ദർശിച്ച് ഡീൻ കുര്യാക്കോസ് എം.പി ചർച്ച നടത്തി. സമീപകാല ചരിത്രത്തിൽ ഒരിക്കലും ഇത്രയും വില കുറവ് ഉണ്ടായിട്ടില്ല. ഇടുക്കിയിലെ കർഷകരുടെ നിലനിൽപ്പ് തന്നെ ബുദ്ധിമുട്ടിലാകുന്ന തരത്തിലാണ് വിലയിടിവ് പ്രത്യാഘാതം സൃഷ്ടിച്ചിട്ടുള്ളത്. ഇത് പരിഹരിക്കുന്നതിന് 3000 രൂപയെങ്കിലും താങ്ങുവില പ്രഖ്യാപിക്കണം. ബോഡി നാക്ക്‌നൂരിൽ ലേലത്തിന് 50 പേർക്ക് പങ്കെടുക്കാൻ അവസരം ലഭിക്കുമ്പോൾ , പുറ്റടി യിൽ 25 പേർക്ക് മാത്രമാണ് സാധിക്കുന്നത്. ഒരേ തരത്തിൽ തന്നെ ലേലം നടക്കുന്നുവെന്ന് ഉറപ്പു വരുത്തണം. വിദേശ രാജ്യങ്ങളിൽ ഏലത്തിന് വിലയിടിക്കുന്നതിനായി എം.ആർഎൽ ടെസ്റ്റ് നടക്കുന്നതിനെ ഫലപ്രദമായി പ്രതിരോധിക്കുകയും കൃഷിക്കാർക്ക് സഹായകരമായ തരത്തിൽ ക്വാളിറ്റി ഇവാല്യൂവേഷൻ ലാബ് ഇടുക്കിയിൽ ആരംഭിക്കണമെന്നും എം. പി ആവശ്യപ്പെട്ടു. നിലവിൽ ഈ സൗകര്യം ഉള്ളത് എറണകുളത്ത് മാത്രമാണ്. ഏലം ഉത്പാദനം പൂർണ്ണമായും ഇടുക്കിയിൽ ആയതിനാൽ ലാബ് ഇടുക്കിയിൽ ആയാൽ ഗുണമേൻമ വർദ്ധിപ്പിക്കുന്നതിന് സഹായമായിരിക്കുമെന്ന് മന്ത്രിയെ ബോദ്ധ്യപ്പെടുത്തി. കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഉണ്ടായ നഷ്ടങ്ങൾ പരിഹരിക്കുന്നതിനായി പ്രത്യേക പാക്കേജ് അനുവദിക്കുകയും അതിൽ പരിഗണനക്കായി വളം, കീടനാശിനികളുടെ വിലയും, കാർഷിക ഉപകരണങ്ങളുടെ വിലയും ന്യായമായ നിരക്കിൽ ലഭ്യമാക്കുക.
സ്‌പൈസസ് ബോർഡ് ന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി പുന:സംഘടിപ്പിക്കുകയും, ശാക്തീകരിക്കുകയും ചെയ്യുക. അതു വഴി കർഷകർക്ക് കൂടുതൽ സാങ്കേതികപരവും, സാമ്പത്തിക പരവുമായ സഹായങ്ങൾ ഉറപ്പു വരുത്തുക. കാലാവസ്ഥാ വ്യതിയാനം മൂലവും, പ്രകൃതിക്ഷോഭം മൂലവും ബുദ്ധിമുട്ടനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി വിള ഇൻഷുറൻസ് പദ്ധതി കാര്യക്ഷമമാക്കുകയും, അർഹമായ നഷ്ടപരിഹാരം ഉറപ്പു രുത്തുകയും വേണമെന്നുമുള്ള പ്രത്യേക നിർദ്ദേശങ്ങളും സമർപ്പിച്ചു.
അനുഭാവ പൂർണ്ണം പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പു നൽകി.