മൂലമറ്റം: ജനങ്ങളിൽ നിന്ന് കോടികൾ പിരിച്ചെടുത്ത് മുങ്ങിയ സ്വകാര്യ ധനകാര്യ സ്ഥാപനമായ ക്രിസ്റ്റൽ ഗ്രൂപ്പിന്റെ മൂലമറ്റത്തുള്ള ഓഫീസ് പൊലീസ് സീൽ ചെയ്തു. സ്ഥാപനത്തിനെതിരായി കഴിഞ്ഞ മാസം 28 നാണ് മൂലമറ്റം സ്വദേശികളായ നിക്ഷേപകർ കഞ്ഞാർ സ്റ്റേഷനിൽ പരാതി നൽകിയത്.പിന്നീട് മറ്റ് 4 പൊലീസ് സ്റ്റേഷനിലും പാരാതി വന്നു.ഇതോടെ ക്രിസ്റ്റൽ ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർ അഭിജിത് എസ്.നായർ കുടുബസമേതം ഒളിവിൽ പോയി. ഇയാളെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സ്ഥാപനത്തിന് നിക്ഷേപം കണ്ടെത്താൻ ഫീൽഡിൽ വനിതകൾ ഉൾപ്പടെ ജീവനക്കാരെയും നിയമിച്ചിരുന്നു. ഈരാറ്റുപേട്ട,കോലഞ്ചേരി, പെരുമ്പാവൂർ, വണ്ണപ്പുറം,കോടിക്കുളം എന്നിവിടങ്ങളിലും സാമ്പത്തിക ഇടപാടുകൾ നടത്തി ക്രിസ്റ്റൽ ഗ്രൂപ്പ് ആളുകളിൽ നിന്ന് പണം തട്ടിച്ചതായി പരാതിയുണ്ട്. നിക്ഷേപങ്ങൾക്ക് ഒരുലക്ഷം രൂപയ്ക്ക് മാസം 7000 മുതൽ 8000 രൂപവരെ പലിശ വാഗ്ദാനം നൽകിയിയാണ് നിക്ഷേപകരെ ആകർഷിച്ചത് . മൂലമറ്റത്ത് വലിയപറമ്പിൽ ബിൽഡിങ്ങിൽ പ്രവർത്തിച്ചിരുന്ന ക്രിസ്റ്റൽ ഗ്രൂപ്പിൻ്റെ ഓഫീസാണ് ഇന്നലെ പോലീസ് സീൽ ചെയ്തത്.എന്നാൽ പൊലീസ് അന്വേഷണം മന്ദഗതിയിലാണ് എന്നാണ് നിഷേപകർ പറയുന്നത്. എസ്എച്ച്ഒ സോൾജിമോൻ, എസ്ഐ ജിബിൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഓഫീസ് സീൽ ചെയ്തത്