തൊടുപുഴ: നിലവിലുള്ള വാക്‌സിനേഷൻ സെന്ററുകൾക്ക് പുറമേ തൊടുപുഴ ടൗൺ, കാരിക്കോട് നൈനാർ പള്ളി ഓഡിറ്റോറിയം, കാഞ്ഞിരമറ്റം എന്നിവിടങ്ങളിൽ കൂടി പുതിയ വാക്‌സിനേഷൻ സെന്ററുകൾ സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് രാവിലെ പ്രതിപക്ഷ കൗൺസിലർമാർ നഗരസഭാ ഓഫീസിനു മുന്നിൽ ധർണ നടത്തും. സ്‌പോട്ട് രജിസ്‌ട്രേഷൻ ഏർപ്പെടുത്തിയതിലൂടെ വാക്‌സിൻ സെന്ററുകളിൽ വലിയ തിക്കും തിരക്കും ഉണ്ടാവുകയും രോഗം പകരാൻ ഇടയാക്കുകയും ചെയ്തതായി പ്രതിപക്ഷ കൗൺസിലർമാർ പറഞ്ഞു. നഗരസഭാ പ്രദേശത്ത് നിലവിലുള്ള വാക്‌സിനേഷൻ സെന്ററുകൾ നിലനിർത്തുകയും കൂടുതൽ മേഖലകളിൽ പുതിയ സെന്ററുകൾ ആരംഭിക്കുകയും ചെയ്യണമെന്ന് പ്രതിപക്ഷ കൗൺസിലർമാർ ആവശ്യപ്പെട്ടു. കാരിക്കോട് നൈനാർ പള്ളി ഓഡിറ്റോറിയത്തിൽ നിലവിലുണ്ടായിരുന്ന വാക്‌സിനേഷൻ സെന്റർ പ്രവർത്തിച്ചിരുന്നത് റദ്ദാക്കിയത് അസൗകര്യം ഉണ്ടാക്കി. പാറക്കടവിൽ നിലവിലുള്ള സെന്റർ നിർത്തലാക്കാനുള്ള നീക്കം നടക്കുന്നതായും കൗൺസിലർമാർ പറയുന്നു.