തൊടുപുഴ: നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ മരണപ്പാച്ചിൽ നടത്തിയ യുവ ആംബുലൻസ് ഡ്രൈവറുടെ ജന്മദിനത്തലേന്നുള്ള ആകസ്മിക വേർപാടിൽ വിറങ്ങലിച്ച് ഉറ്റവരും ഉടയവരും. തൊടുപുഴ ഹരിത ആംബുലൻസ് ഡ്രൈവറായ വഴിത്തല കൂനാനിക്കൽ ജിസ് കെ. ജോർജിന്റെ മരണമാണ് ഏവർക്കും നൊമ്പരമായി മാറിയത്. തിങ്കളാഴ്ച പുലർച്ചെ 12.15ന് തൊടുപുഴ ചാഴികാട്ട് ആശുപത്രിക്ക് സമീപം പാപ്പൂട്ടി കടവിലാണ് ജിസ് ഓടിച്ച ആംബുലൻസ് നിയന്ത്രണം നഷ്ടപ്പെട്ട് പുഴയിലേയ്ക്ക് കൂപ്പുകുത്തിയത്. ഇന്ന് ജന്മദിനമായതിനാൽ രണ്ടു ദിവസത്തെ അവധിയെടുത്ത് വീട്ടിലേക്ക് പോകാനിരിക്കെയാണ് ജിസിന്റെ ജീവൻ വിധി കവർന്നത്. നിരവധി സുഹൃദ് വലയങ്ങൾക്ക് ഉടമയായ ജിസ് ജൻമദിനത്തോട് അനുബന്ധിച്ച് തിങ്കളാഴ്ച രാത്രി അടുത്ത കൂട്ടുകാർക്ക് ഒപ്പം ഭക്ഷണം കഴിച്ചിരുന്നു. ഇതിനിടെയാണ് ആശുപ്രതിയിലേയ്ക്ക് എത്തണമെന്ന് ആവശ്യപ്പെട്ട് സഹപ്രവർത്തകർ ഫോണിൽ വിളിച്ചത്. താമസ സ്ഥലത്തു നിന്ന് അരകിലോമീറ്റർ മാറിയുള്ള ആശുപത്രിയിലേയ്ക്കു പോകുംവഴി ആംബുലൻസ് നിയന്ത്രണംവിട്ട് പുഴയിലേയ്ക്ക് പതിക്കുകയായിരുന്നു. കഴിഞ്ഞ മാർച്ച് ഒന്നിനായിരുന്നു പാലക്കാട് സ്വദേശിനിയുമായി ജിസിന്റെ വിവാഹ നിശ്ചയം. പെൺകുട്ടിയുടെ പിതാവ് മരിച്ചതിനാൽ വിവാഹം തീരുമാനിച്ച ദിവസം മറ്റൊരു ദിവസത്തേയ്ക്ക് മാറ്റി വച്ചിരുന്നു. വിദേശത്തുള്ള സഹോദരി വന്നതിനു ശേഷം സംസ്‌കാരം നാളെ കോലടി സെന്റ് തോമസ് പള്ളിയിൽ നടക്കും.