തൊടുപുഴ: കേരളത്തിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നും പീഡനക്കേസ് പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി പച്ചയിൽ സന്ദീപ് പറഞ്ഞു.സ്ത്രീ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി സംസ്ഥാനവ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി പാർട്ടി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ സിവിൽ സ്റ്റേഷന് മുമ്പിൽ നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് വി. ജയേഷ് അദ്ധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി വിനോദ് നാരായണൻ, ട്രഷറർ സന്തോഷ് മാധവൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സുബൈർ തൊടുപുഴ, സുബ്രഹ്മണ്യൻ കാവളയിൽ, ഉടുമ്പൻചോല നിയോജകമണ്ഡലം പ്രസിഡന്റ് അജി മുട്ടുകാട്, തൊടുപുഴ മണ്ഡലം പ്രസിഡന്റ് വിജയൻ മാടവന, വിവിധ നിയോജകമണ്ഡലം നേതാക്കന്മാരായ ഷിബു പാണ്ടിക്കാട്ട്, പീതാംബരൻ തൊടുപുഴ, ബി.ഡി.വൈ.എസ് ജില്ലാ വൈസ് പ്രസിഡന്റ് അഖിൽ ആലക്കോട്, ബി.ഡി.എം.എസ് നേതാക്കളായ ശ്രീജ ചിറ്റൂർ, ദീപ കുണിഞ്ഞി തുടങ്ങിയവർ സംസാരിച്ചു. കൊല്ലത്ത് വിസ്മയയുടെയും വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയുടേതുമടക്കം സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പരമാവധി സ്ത്രീ ജനങ്ങളെ ഉൾപ്പെടുത്തി സംസ്ഥാനമാകെ സമരപരിപാടികൾ ശക്തമാക്കുമെന്ന് നേതാക്കൾ പറഞ്ഞു.