കുടയത്തൂർ: കൊവിഡ് പോസിറ്റീവിറ്റി നിരക്ക് ഗണ്യമായി കുറയ്ക്കാനുള്ള മാസ്റ്റർ പ്ലാൻ ആവിഷ്‌കരിക്കാൻ കുടയത്തൂർ പഞ്ചായത്ത് അടിയന്തര യോഗം ചേർന്നു.കഴിഞ്ഞ ഏതാനും ദിവസങ്ങളായിട്ട് പഞ്ചായത്ത് പ്രദേശത്ത് ടി പി ആർ നിരക്ക് 15 ശതമാനത്തിൽ കൂടുതലാവുകയും പഞ്ചായത്ത് ഡി കാറ്റഗറിയിൽ ആവുകയും ചെയ്തു. ഇതേ തുടർന്നാണ് പ്രസിഡന്റ് ഉഷ വിജയന്റെ അദ്ധ്യക്ഷതയിൽ വിവിധ മേഖലകളിലുള്ളവരെ പങ്കെടുപ്പിച്ച് അടിയന്തര യോഗം ചേർന്നത്. പഞ്ചായത്തിന്റെ ഓരോ വാർഡുകളിലും കൂടുതൽ കൊവിഡ് പരിശോധകൾ നടത്തുക,വാക്സിനേഷൻ പരമാവധി ആളുകൾക്ക് നൽകുന്നതിന് തീവ്ര പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക, പഞ്ചായത്തിന്റെ പരിധിയിലുള്ള വ്യാപാരികൾ, ഓട്ടോ- ടാക്സി- മറ്റ് മേഖലകളിലെ തൊഴിലാളികൾ എന്നിവർക്ക് വാക്സിൻ നൽകാൻ പ്രത്യേക ക്യാമ്പുകൾ നടത്തുക തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ തീരുമാനിച്ചു. പഞ്ചായത്ത് ജനപ്രതിനിധികൾ, ആരോഗ്യ വകുപ്പ്, സെക്ട്രൽ മജിസ്‌ട്രേറ്റ്, പൊലീസ്,മർച്ചന്റ് അസോസിയേഷൻ, കുടുംബശ്രീ പ്രവർത്തകർ
എന്നിവർ യോഗത്തിൽ പങ്കെടുത്തു.
"കുടയത്തൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഡോമിസിലറി കെയർ സെന്ററിൽ (ഡി സി സി) 30 ആളുകളെ പ്രവേശിപ്പിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.
നിലവിൽ 2 ആളുകളാണ് ഇവിടെ ചികിത്സയിലുള്ളത്. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തവർ, വീടുകളിൽ താമസത്തിന്
അസൗകര്യമുള്ളവർ എന്നിവർക്കാണ് ഡി സി സിയിൽ പ്രവേശനം നൽകുന്നത് ".
ഉഷ വിജയൻ,
പ്രസിഡന്റ്, കുടയത്തൂർ പഞ്ചായത്ത്.