തൊടുപുഴ : കേരളത്തിൽ സൂപ്പർ മാർക്കറ്റുകൾ തുറന്നു പ്രവർത്തിക്കുന്ന ദിവസങ്ങളിൽ സാധാരണ കച്ചവട സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന് കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ.ജേക്കബ് ആവശ്യപ്പെട്ടു.
സൂപ്പർ മാർക്കറ്റുകൾ മാത്രം പ്രവർത്തിക്കാൻ അനുമതി നൽകുമ്പോൾ സാധാരണ കടകൾ അടച്ചിടുന്നത് ദുരൂഹവും അന്യായവുമാണ്. . വ്യാപാര സ്ഥാപനങ്ങളുടെ ഉടമസ്ഥരും തൊഴിലാളികളും പട്ടിണിയിലാണ്. കടകൾ അടച്ചിട്ടുകൊണ്ട് കൊവിഡ് നിയന്ത്രിക്കാൻ കഴിയുകയില്ല. ബസ് സർവ്വീസുകൾ ലാഭകരമായി നടത്തുവാൻ കഴിയുന്നില്ല. എല്ലാ മേഖലയിലും സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കാൻ മാത്രമാണ് സർക്കാർ നടപടി ഉപകരിച്ചിട്ടുള്ളത്. കോടിക്കണക്കിനു രൂപ വാക്‌സിൻ ചലഞ്ച് എന്ന പേരിൽ പിരിച്ചെടുത്ത സർക്കാർ കേന്ദ്ര സർക്കാരിന്റെ വാക്‌സിൻ മാത്രം ആശ്രയിക്കുന്നത് നിർഭാഗ്യകരമാണ്. കേന്ദ്രത്തിൽ നിന്നും വാക്‌സിൻ ലഭിക്കുന്നതിനു പുറമേ സംസ്ഥാനം സ്വന്തമായി വാക്‌സിൻ വാങ്ങുവാനും തയ്യാറാകണം.കൂടുതൽ വാക്‌സിനേഷൻ സെന്ററുകൾ അനുവദിക്കുകയും വാർഡ് അടിസ്ഥാനത്തിൽ വാക്‌സിൻ വിതരണത്തിന് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.