തൊടുപുഴ: കൊവിഡ് നിയന്ത്രണങ്ങൾ മൂലം വ്യാപാരസ്ഥാപനങ്ങൾ പൂർണമായും തുറന്നു പ്രവർത്തിക്കാൻ സാധിക്കാത്ത ഈ സമയം ടാക്‌സ് റിട്ടേണുകൾ ഫയൽ ചെയ്യാൻ ഭീഷണിപ്പെടുത്തുന്ന ഉദ്യോഗസ്ഥർ ഇത്തരം പ്രവണതകളിൽ നിന്ന് പിന്നോട്ട് പോകണമെന്ന് മർച്ചന്റ്‌സ് അസോസിയേഷൻ തൊടുപുഴ യൂണിറ്റ് പ്രസിഡന്റ് രാജു തരണിയിൽ ആവശ്യപ്പെട്ടു. തൊടുപുഴയിലെ ഭൂരിഭാഗം വ്യാപാരസ്ഥാപനങ്ങളും ടാക്‌സ് ഫയൽ ചെയ്യാൻ ടാക്‌സ് പ്രാക്ടീക്ഷണർമാരെയാണ് സമീപിക്കുന്നത്. കൃത്യമായി ടാക്‌സ് പ്രാക്ടീഷണർമാർക്ക് അവരുടെ ആഫീസുകൾ തുറന്നു പ്രവർത്തിക്കാൻ പറ്റാത്ത സാഹചര്യത്തിൽ കൃത്യമായ ഇളവുകൾ വ്യാപാരികൾക്ക് അനുവദിക്കണം. വ്യാപാരികളെ ഭീഷണിപ്പെടുത്തുന്ന നടപടികൾ അനുവദിക്കില്ലെന്നും ടാക്‌സ് ഫയൽ ചെയ്യാൻ കൃത്യമായ സമയം അനുവദിക്കണമെന്നും തൊടുപുഴ മർച്ചന്റ്സ് അടിയന്തര സെക്രട്ടറിയേറ്റ് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് രാജു തരണിയിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി നാസർ സൈര, ട്രഷറർ പി.ജി. രാമചന്ദ്രൻ നായർ, വൈസ് പ്രസിഡന്റുമാരായ ടോമി സെബാസ്റ്റ്യൻ, അജീവ് പി, സാലി എസ്. മുഹമ്മദ്, ജോയിന്റ് സെക്രട്ടറിമാരായ ഷെറീഫ് സർഗം, ബെന്നി ഇല്ലിമൂട്ടിൽ എന്നിവർ സംസാരിച്ചു.