ചെറുതോണി: പെരിഞ്ചാംകുട്ടിയിൽ കാട്ടുപന്നികൾ കൃഷികൾ നശിപ്പിക്കുന്നതായി പരാതി. വാത്തിക്കുടി പഞ്ചായത്തിലെ പരിഞ്ചാംകുട്ടി സേനാപതി ഭാഗത്താണ് രാത്രികാലങ്ങളിൽ കൂട്ടത്തോടെയെത്തുന്ന കാട്ടുപന്നികൾ വിവിധ കൃഷികൾ നശിപ്പിക്കുന്നത്. കഴിഞ്ഞ കുറേദിവസങ്ങളിലായി ഈ കാട്ടുമൃഗങ്ങളുടെ ശല്യം പതിവിലും രൂക്ഷമായതോടെ ഈ മേഖലയിലെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. കൊന്നത്തടി പഞ്ചായത്തതിർത്തിയിലെ തേക്കും പ്ലാന്റേഷനിൽ നിന്നാണ് കാട്ടുപന്നികളെത്തുന്നത്. ചേന, ചേമ്പ്, കാച്ചിൽ, കപ്പ തുടങ്ങിയ കൃഷിവിളകൾ കുത്തിതിന്ന് നശിപ്പിക്കുന്നതോടൊപ്പം ഇഞ്ചി, മഞ്ഞൾ തുങ്ങിയ കൃഷിയും കുത്തിമറിച്ച് നശിപ്പിക്കയാണ്. കഴിഞ്ഞ ദിവസം രാത്രിയിലെത്തിയ കാട്ടുപന്നികൾ ബെന്നി കളപ്പുര, വിജയൻ ചാഞ്ഞമല, തങ്കച്ചൻ കാരയ്ക്കാവയലിൽ, ജ്യോതിസ് പരിന്തിരി, ജോഷി കല്ലട, ജോമോൻ മറ്റത്തിൽ തുടങ്ങിയവരുടെ കൃഷിയിടങ്ങളിൽ വൻ നാശനഷ്ടങ്ങളാണ് വരുത്തിയത്.