ഇടുക്കി :ജില്ലാ ഭാഗ്യക്കുറി ഓഫീസിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ ഓൺലൈൻ ആയി നിർവഹിച്ചു. ഭാഗ്യക്കുറി വകുപ്പിന്റെ ശാക്തീകരണങ്ങളുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ ലോട്ടറി ഓഫീസുകൾ ആധുനിക വൽക്കരിക്കുമെന്ന് മന്ത്രി പറഞ്ഞു. സാധാരണക്കാരായ നിരവധിയാളുകൾക്ക് തൊഴിൽ നൽകുന്നതിനും സർക്കാരിന് വലിയ തോതിൽ വരുമാനമുണ്ടാക്കുന്നതിനും ഭാഗ്യക്കുറി വകുപ്പിലൂടെ സാധിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി 50,000 തിൽ അധികം ആളുകൾ ലോട്ടറി ക്ഷേമനിധിയിൽ ഇതിനോടകം അംഗങ്ങളാണ്. ഇതിന് പുറമേ ഒരുലക്ഷത്തിലധികം ആളുകൾ അവരുടെ കുടുംബങ്ങൾക്കുള്ള വരുമാനം കണ്ടെത്തുന്നതും ലോട്ടറി വിൽപ്പനയിലൂടെയാണെന്നത് ഈ മേഖലയുടെ പ്രാധാന്യം വ്യക്തമാക്കുന്നു. ഏജന്റുമാരും ചെറുകിട കച്ചവടക്കാരും ഉൾപ്പെടെയുള്ളവർക്ക് ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കാൻ സർക്കാർ നടപടികളെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

പി.ജെ. ജോസഫ് എംഎൽഎ, തൊടുപുഴ മുൻസിപ്പൽ ചെയർമാൻ സനീഷ് ജോർജ്, ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.ആർ. ജയപ്രകാശ്, സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടർ എസ്. കാർത്തികേയൻ, എന്നിവർ സംസാരിച്ചു. മുൻസിപ്പൽ കൗൺസിലർ അഡ്വ. ജോസഫ് ജോൺ, ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് അംഗം സുബൈർ ടി.ബി., ട്രേഡ് യൂണിയൻ നേതാക്കളായ പി.എം. നാരായണൻ, ടി.എസ്. ബാബു, അനിൽ ആനിക്കനാട്, ടി.എസ് ബാബു, രമണൻ പടന്നയിൽ, ജോമോൻ തെക്കുംഭാഗം എന്നിവർ ആശംസകളർപ്പിച്ചു. ഭാഗ്യക്കുറി ജോയിന്റ് ഡയറക്ടർ സുചിത്ര കൃഷ്ണൻ സ്വാഗതവും ജില്ലാ ഭാഗ്യക്കുറി ഓഫീസർ ലിസിയമ്മ ജോർജ് കൃതജ്ഞതയും പറഞ്ഞു.

തൊടുപുഴ മാതാ ഷോപ്പിംഗ് ആർക്കേഡിനു സമീപം പുളിമൂട്ടിൽ ചാക്കോ മോളി സ്‌ക്വയറിലാണ് പുതിയ ഓഫീസ്. പുതിയ മന്ദിരത്തിൽ ഫ്രണ്ട് ഓഫീസ്, സന്ദർശകർക്കുള്ള ഇരിപ്പിടങ്ങൾ, ശുചിമുറികൾ എന്നിവയുമുണ്ട്.