 വിവാഹം, മരണാനന്തര ചടങ്ങുകളിൽ 20 പേരിൽ കൂടിയാൽ നടപടി

ഇടുക്കി: ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനം. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ 20 പേരെ മാത്രമേ പങ്കെടുക്കാൻ അനുവദിക്കൂ. എന്നാൽ വിവിധ സമയങ്ങളിലായി 20 പേരെ വീതം പങ്കെടുപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിട്ടി യോഗത്തിൽ ജില്ലാ കളക്ടർ ഷീബാ ജോർജ് നിർദേശം നൽകി. സി, ഡി കാറ്റഗറിയിൽ വരുന്ന ഇടങ്ങളിൽ ശക്തമായ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് പൊലീസും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഉറപ്പുവരുത്തും. നിയന്ത്രണങ്ങൾ കുറവുള്ള എ, ബി കാറ്റഗറിയിൽപ്പെടുന്ന ഇടങ്ങളിൽ തിരക്ക് വർദ്ധിച്ചുവരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വരുംദിനങ്ങളിൽ നടക്കുന്ന വിവിധ പ്രവേശന പരീക്ഷകളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് കൊവിഡ് ചട്ടങ്ങൾ നിർബന്ധമാക്കണം. ടെസ്റ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ആരോഗ്യ വകുപ്പിനോടു നിർദേശിച്ചു.

വാക്‌സിനേഷൻ ക്യാമ്പുകളിലെ ക്രമാതീതമായ തിരക്ക് ഒഴിവാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് നിർദേശിച്ചു. മാത്രമല്ല പഞ്ചായത്ത് ഭരണസമിതിയംഗങ്ങൾ ഇവിടങ്ങളിൽ അനാവശ്യമായ ഇടപെടലുകൾ നടത്താൻ പാടില്ല. വാക്‌സിൻ ലഭ്യമാകുന്ന മുറയ്ക്ക് അത് ഊർജിതമായി വിതരണം ചെയ്യും. തോട്ടം മേഖലയിൽ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി വലിയതോതിൽ തൊഴിലാളികളെ കൊണ്ടുവരുന്നത് കർശനമായി നിരീക്ഷിക്കുന്നതിനും തടയുന്നതിനും നടപടിയെടുക്കുന്നതിനും ജില്ലാ കളക്ടർ നിർദേശം നൽകി. രാത്രികാലങ്ങളിൽ ബസുകളിലും മറ്റു വലിയ വാഹനങ്ങളിലുമാണ് തൊഴിലാളികളെ കൊണ്ടുവരുന്നത്. പ്രത്യേകിച്ചും കട്ടപ്പന മേഖലയിലാണ് ഇത് കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇക്കാര്യത്തിൽ നടപടികൾ ശക്തമാക്കാൻ തൊഴിൽവകുപ്പിന് നിർദേശം നൽകി. അതത് തോട്ടങ്ങളുടെ മാനേജ്‌മെന്റുകളുടെ പേരിൽതന്നെ തൊഴിലാളികൾക്ക് വാക്‌സിൻ നൽകും.

തൊഴിലുറപ്പ്

ഡി കാറ്റഗറിയിലുള്ള സ്ഥലങ്ങളിൽ തൊഴിലുറപ്പ് പദ്ധതി പ്രവർത്തനം തത്കാലം നിർത്തിവയ്ക്കണം. നഷ്ടപ്പെടുന്ന തൊഴിൽ ദിനങ്ങൾ പിന്നീട് ക്രമീകരിച്ചു നൽകും.

പരമാവധി പേർക്ക്

കുത്തിവയ്പ് നൽകും

തിരക്കുള്ള സ്ഥലങ്ങളിൽ മൊബൈൽ വാക്‌സിനേഷൻ യൂണിറ്റിലൂടെ പരമാവധി പേർക്ക് കുത്തിവയ്പ് നൽകും. മുൻകൂട്ടി അറിയിച്ച് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രണ്ടാം ഡോസ് വാക്‌സിൻ മാത്രം നൽകാൻ തീരുമാനിച്ചു. രണ്ടാം ഡോസ് വാക്‌സിൻ ലഭിക്കുന്നതിലുള്ള ആശങ്ക ഒഴിവാക്കുന്നതിനാണിത്. കൊവിഡ് ബാധ കൂടുതലുള്ള കോളനികളിലെ ആളുകളെ ഡോമിസലറി കെയർ സെന്ററുകളിലേക്ക് മാറ്റും. രോഗം ബാധിച്ചവർ പുറത്ത് കറങ്ങിനടക്കുന്നതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണിത്.