കുമളി: സ്വകാര്യ ഡിറ്റക്ടീവ് ചമഞ്ഞ് 25 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മൂവാറ്റുപുഴ സ്വദേശി പിടിയിൽ. തട്ടിപ്പിന് ശേഷം അണക്കരയിലെത്തി വാടകവീട്ടിൽ താമസിച്ചിരുന്ന മൂവാറ്റുപുഴ ഓടക്കാലി സ്വദേശി പി.എസ്. സുദർശനാണ് പിടിയിലായത്. റിമാൻഡിലായ പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയ പൊലീസ് അണക്കരയിലെ വീട്ടിലെത്തിച്ച് തെളിവെടുത്തു. വ്യാജ നാപ്‌റ്റോൾ സ്‌ക്രാച്ച് കാർഡ് വഴി എട്ട് ലക്ഷത്തോളം രൂപ നഷ്ടപ്പെട്ട മൂവാറ്റുപുഴ ആരക്കുഴ സ്വദേശിയുടെ പണം തിരികെ വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് 25 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു ഇയാൾ. സ്വകാര്യ ഡിറ്റക്ടീവ് ആണെന്ന് സ്വയം പരിചയപ്പെടുത്തിയ പ്രതി വ്യത്യസ്ത സിം കാർഡുകൾ ഉപയോഗിച്ച് ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടപെട്ട പണം തിരികെ വാങ്ങി നൽകുന്ന ആൾ ആണെന്നും ഇത്തരത്തിൽ നിരവധി ആളുകൾക്ക് പണം തിരികെ വാങ്ങി നൽകിയെന്നും വിശ്വസിപ്പിച്ചിരുന്നു. സർക്കാർ സർവീസിൽ റിട്ടയർ ആയവരെയും മറ്റും ലക്ഷ്യമാക്കി പ്രവൃത്തിക്കുന്ന പ്രതി ഈ കേസിലെ ഇരയെ വിവിധ ഫോൺ നമ്പറിൽ നിന്ന് വിവിധ ശബ്ദത്തിൽ വിളിച്ച് റിസർവ് ബാങ്ക് ഉദ്യോഗസ്ഥനാണെന്നും എസ്.ബി.ഐ ഉദ്യോഗസ്ഥനാണെന്നും മറ്റും പറഞ്ഞ് വിശ്വാസം നേടിയെടുത്ത ശേഷമാണ് തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. മൂന്നു മാസത്തോളമായി

അലുമിനിയം ഫാബ്രിക്കേഷൻ ജോലിക്കാരൻ എന്ന വ്യാജേന അണക്കരയിൽ വാടകയ്ക്ക് വീടെടുത്ത് താമസിച്ച് വരികയായിരുന്നു. ഇതിനിടെയാണ് റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതിയെ അണക്കരയിലെ വാടകവീട്ടിൽ നിന്ന് പിടികൂടിയത്. പ്രതി താമസിച്ചിരുന്ന വീട്ടിലെത്തി പരിശോധന നടത്തിയെങ്കിലും ഇവിടെ നിന്ന് പണം കണ്ടെടുക്കാനായില്ല. ഇയാൾ ഉപയോഗിച്ചിരുന്ന കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയുടെ സാമ്പത്തിക ഇടപാടുകളെ പറ്റിയും പ്രതിയെ സഹായിക്കാൻ വേറെ ആളുകളുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്