ചെറുതോണി: കൊവിഡ് ബാധിതരായവർക്ക് ക്ഷേമനിധി ബോർഡുകൾ വഴി 7500 രൂപ ധനസഹായം നൽകി വന്നിരുന്നത് നിർത്തലാക്കിയത് പുന:രാരംഭിക്കണമെന്ന് കേരളാ കർഷക തൊഴിലാളി കോൺഗ്രസ്സ് സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു.
കൊവിഡ് വന്നവർക്ക് ജോലികൾ ചെയ്യാൻ കുറേ നാളുകൾ വേണ്ടി വരുന്നതിനാലും തൊഴിലവസരങ്ങൾ കുറവായതിനാലും രോഗികളായിരുന്നവരെ തൊഴിലിന് വിളിക്കാത്തതിനാലും തൊഴിലാളി കുടുംബങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലാണ്. കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന് സ്വന്തം നിലയിൽ ധനസഹായം നൽകാൻ സാമ്പത്തിക സാഹചര്യമില്ല. അതിനാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് തുക അനുവദിക്കാൻ സർക്കാർ തയ്യാറാകണം.
ക്ഷേമനിധി അംഗങ്ങൾക്ക് 1000 രൂപ സഹായം നൽകാനുള്ള സർക്കാർ തീരുമാനത്തെ യോഗം സ്വാഗതം ചെയ്തു.
60 വയസ്സ് കഴിഞ്ഞ കർഷകതൊഴിലാളികൾക്ക് നൽകേണ്ട തുക 2014 മുതലുള്ള അപേക്ഷകർക്ക് നൽകാത്തത് ഗുരുതരമായ വീഴ്ചയാണ്. സാധാരണ തൊഴിലാളികൾക്കുള്ള സഹായങ്ങൾ കുടിശിക കൂടാതെ നൽകണമെന്നും കർഷക തൊഴിലാളി കോൺഗ്രസ്സ് ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ അധ്ദ്ധ്യക്ഷത വഹിച്ചു. മാത്യു കൈച്ചിറ പി.വൈ.ജോസഫ്, സ്റ്റീഫൻ കണ്ടത്തിൽ, ജെയിംസ് പുത്തേട്ട് പടവിൽ, മടന്തമൺ തോമസ്, എ.ഉണ്ണികൃഷ്ണൻ, കെ.പി. അബുദുൾഖാദർ, ടോമി ജോർജ്, പി.പി. അനുജൻ. ബാബു കീച്ചേരിൽ തുടങ്ങിയവർ പങ്കെടുത്തു.