തൊടുപുഴ: നിയമന നിരോധനത്തിനെതിരെയും, താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക എന്ന ആവശ്യം ഉന്നയിച്ചു കൊണ്ടും കേരള ഗ്രാമീൺ ബാങ്ക് എംപ്ലോയീസ് യൂണിയന്റെയും ഓഫീസേഴ്‌സ് യൂണിയന്റെയും (ബി.ഇ.എഫ്.ഐ) നേതൃത്വത്തിൽ ഇന്ന് പണിമുടക്കും. ഹാർഡ് വെയർ ടെക്ക് പ്രൊഡക്ട്‌സ് സംബന്ധിച്ച പ്രശ്‌നങ്ങളിലെ അപാകതകൾക്ക് ശാശ്വത പരിഹാരം കാണുക എന്ന ആവശ്യവും സമരത്തിന്റെ ഭാഗമായി ഉയർത്തുന്നുണ്ട്. ജൂലായ് 8 മുതൽ 16 വരെയുള്ള ദിവസങ്ങളിൽ തുടർച്ചയായി മലപ്പുറത്തെ ബാങ്ക് ആസ്ഥാനത്തിന് മുൻവശം റിലേ ധർണ്ണയും 8,16 തിയതികളിൽ വിവിധ റീജിയണൽ ഓഫീസുകൾക്ക് മുൻപിൽ ധർണ്ണയും നടന്നിരുന്നു. മാനേജ്‌മെന്റിൽ നിന്നും അനുകൂലമായ തീരുമാനങ്ങൾ ഉണ്ടായില്ലെങ്കിൽ, അനശ്ചിത കാല പണിമുടക്ക് അടക്കമുള്ള പ്രക്ഷോഭ പരിപാടികളിലേക്ക് നീങ്ങുന്നതിനാണ് സംഘടന തീരുമാനിച്ചിരിക്കുന്നതെന്ന് കെ.ജി.ബി. ഓഫീസേർഴ്‌സ് യൂണിയൻ ജില്ലാ സെക്രട്ടറി പീയുഷ് പി എൻ, കെ.ജി.ബി. എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി അമീഷ് ഡൊമിനിക്ക് എന്നിവർ അറിയിച്ചു.