ഇടുക്കി: ദുരന്ത മേഖലയിൽ രക്ഷാ സംഘങ്ങൾക്ക് എങ്ങനെ സഹായം ചെയ്യാമെന്നും രക്ഷാപ്രവർത്തനത്തിൽ എങ്ങനെ പങ്കാളികളാകാമെന്നും തെളിയിച്ചിരിക്കുകയാണ് സിവിൽ ഡിഫൻസ് ഫോഴ്‌സ് അംഗങ്ങളായ കുളമാവ് നെടുങ്കല്ലുങ്കൽ വീട്ടിൽ അനീഷ് കുമാർ എം.ഡിയും ഭാര്യ മൂലമറ്റം അങ്കണവാടി അദ്ധ്യാപിക സ്മിത സാമുവലും . കുളമാവ് ചക്കിമാലിയിൽ മീൻ പിടിക്കാൻ പോയ സഹോദരങ്ങളായ രണ്ട് പേർ ഡാമിൽ മുങ്ങി മരിച്ച സംഭവത്തിൽ ഒരാഴ്ച്ച നടത്തിയ തിരച്ചിലിനാണ് അനീഷും സ്മിത ടീച്ചറും രക്ഷാദൗത്യവുമായി എത്തിയവർക്ക് നിർണ്ണായക സഹായകമായത്.
ജൂലായ് 21 ന് പുലർച്ചെ അഞ്ചരയോടെയാണ് കുളമാവിൽ നിന്നും ഏറെ ഉള്ളിലായുള്ള ചക്കിമാലി വനമേഖലയോട് ചേർന്ന് ഡാമിൽ മത്സ്യ ബന്ധനത്തിനിടെ വള്ളം മറിഞ്ഞ് സഹോദരങ്ങൾ ദുരന്തത്തിൽപ്പെടുന്നത്. ഉച്ചയായിട്ടും ഇരുവരും തിരിച്ചെത്താതായതോടെ ചക്കിമാലിയിലുള്ള വീട്ടുകാർ ആശങ്കയിലായി. കനത്ത കാറ്റിൽ മൊബൈൽ ഫോണിന് ഇടക്കിടെ റേഞ്ച് നഷ്ടപ്പെടുന്നതിനാൽ ഇക്കാര്യം മറ്റുള്ളവരെ അറിയിക്കാനും വൈകി. വൈകിട്ട് അഞ്ചരയോടെ മൊബൈൽ സിഗ്‌നൽ ലഭിച്ചപ്പോൾ വീട്ടുകാർ ഇക്കാര്യം കുളമാവിലുള്ള സ്മിത ടീച്ചറെ ഫോണിൽ വിളിച്ച് പറഞ്ഞു. ഇവർ ഉടൻ തന്നെ വിവരം കുളമാവ് പൊലീസിലും മൂലമറ്റം അഗ്‌നിരക്ഷാ സേനയിലും ഇടുക്കിയിലെ ദുരന്തനിവാരണ സേനയിലും ഇതോടൊപ്പം റവന്യൂ അധികൃതരെയും അറിയിച്ചു.
പിറ്റേന്ന് മുതൽ അഗ്‌നിരക്ഷാ സേനാ യൂണിറ്റുകളുടേയും ദുരന്ത നിവാരണ സേനയുടേയും മുങ്ങൽ വിദഗ്ധർ കുളമാവിൽ നിന്നും ഡിങ്കി ഉപയോഗിച്ച് സ്ഥലത്തേക്ക് പോയാണ് തിരച്ചിൽ നടത്തിയത്. ഇവർക്ക് എല്ലാ ദിവസവും ലക്ഷ്യ സ്ഥാനത്തേക്കും മടക്ക യാത്രയിലും വഴി കാട്ടിയായി അനീഷ് കുമാറും ഡിങ്കിയിൽ ഉണ്ടായിരുന്നു. തിരച്ചിലിനിടെ പകൽ സമയങ്ങളിൽ പോലും ദിശയറിയാൻ പറ്റാത്ത സാഹചര്യത്തിൽ അനീഷ് കുമാറിന്റെ സേവനം വളരെയേറെ ഉപകാരപ്പെട്ടെന്ന് സേനാംഗങ്ങൾ ഒന്നടങ്കം പറഞ്ഞു. കുളമാവിലെത്തുന്ന വിവിധ വകുപ്പധികൃതർക്ക് അപകടത്തെക്കുറിച്ചും പ്രദേശത്തെ കുറിച്ചും, വീട്ടുകാർക്കും നാട്ടുകാർക്കും തിരച്ചിലിന്റെ പുരോഗതിയെക്കുറിച്ചും വിവരങ്ങൾ കൈമാറി ടീച്ചറും എല്ലാ ദിവസവും കുളമാവിലെ കൊലുമ്പൻ കടവിലുണ്ടായിരുന്നു.