തൊടുപുഴ: നഗരത്തിലെ മുഴുവൻ ഓട്ടോറിക്ഷ തൊഴിലാളികൾക്കും വാക്സിൻ നൽകുന്നതിന് നഗരസഭയും ആരോഗ്യവകുപ്പും വാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കണമെന്ന് ഓട്ടോ- ടാക്‌സി വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു)​ ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. പൊതുജനങ്ങളുമായി അടുത്തിടപഴകുന്നവരാണ് ഓട്ടോറിക്ഷ തൊഴിലാളികൾ. സമീപ ജില്ലകളിൽ നിന്നും ദൂരസ്ഥലങ്ങളിൽ നിന്നും അന്യസംസ്ഥാന തൊഴിലാളികളടക്കം നിരവധി പേരാണ് നഗരത്തിൽ എത്തിചേരുന്നത്. ഇതിൽ ഭൂരിഭാഗവും യാത്രാ സൗകര്യത്തിനായി ഓട്ടോറിക്ഷകളെയാണ് ആശ്രയിക്കുന്നത്. ഇതുമൂലം രോഗവ്യാപനത്തിന് സാദ്ധ്യത ഏറെയാണ്. അധികാരികൾ ഓട്ടോ- ടാക്‌സി തൊഴിലാളികളുടെയും അവരുടെ കുടുംബാഗങ്ങളുടെയും സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനായി വേണ്ട നടപടി സ്വീകരിക്കണമെന്ന് യൂണിയൻ ഏരിയാ സെക്രട്ടറി കെ.കെ. കബീർ,​ പ്രസിഡന്റ് കെ.വി. ജോയി എന്നിവർ ആവശ്യപ്പെട്ടു.