ഇടുക്കി: ഡൽഹി അന്തേരിയ മോറിയ പള്ളി പൊളിച്ച വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് എം.പിമാരായ ഡീൻ കുര്യാക്കോസും ഹൈബി ഈഡനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദർശിച്ച് ചർച്ച നടത്തി. ഫരീദാബാദ് രൂപതയുടെ കീഴിലുള്ള ഇടവക ദേവാലയത്തിൽ ആരാധനയിൽ പങ്കെടുക്കുന്നതിൽ 90 ശതമാനവും മലയാളികളാണ്. കേരളത്തിലെ വിശ്വാസികളെ സംബന്ധിച്ചിടത്തോളം കടുത്ത മാനസിക ബുദ്ധിമുട്ടുണ്ടാക്കിയ സംഭവത്തിൽ കേന്ദ്രസർക്കാരിന്റെ ഭാഗത്തു നിന്ന് അനുഭാവപൂർണമായ സമീപനമുണ്ടാണമെന്ന് എം.പിമാർ ആവശ്യപ്പെട്ടു. വിശ്വാസ സംരക്ഷണത്തിന്റെയും ആരാധനാ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന്റെയും ഭാഗമായി പള്ളി അവിടെ തന്നെ പുനഃസ്ഥാപിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു. അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പാർലമെന്റിന്റെ നടപ്പു സമ്മേളനം കഴിയുന്നതിനു മുമ്പേ ഇക്കാര്യത്തിൽ കേന്ദ്രത്തിന്റെ ഇടപെടൽ ഉണ്ടാകുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കിയതായി എം.പിമാർ അറിയിച്ചു.