ചെറുതോണി: നിയമസഭാ ആക്രമണത്തിൽ പ്രതിയായ വി. ശിവൻകുട്ടി മന്ത്രിയായി തുടരുന്നത് സംസ്ഥാനത്തിന് അപമാനമാണന്ന് ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ. കോടതി പരാമർശം ഉണ്ടായ സാഹചര്യത്തിൽ ശിവൻകുട്ടി രാജി വയ്ക്കുന്നില്ലെങ്കിൽ മുഖ്യമന്ത്രി രാജി ആവശ്യപ്പെടണമെന്നും കല്ലാർ പറഞ്ഞു. സംസ്ഥാന വ്യാപകമായി മന്ത്രി വി. ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് കെ.പി.സി.സി ആഹ്വാനം ചെയ്ത സമര പരിപാടികളുടെ ഭാഗമായി കളക്ടറേറ്റ് പടിക്കൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ജനങ്ങൾ ഏറെ പാവനമായി കരുതുന്ന നിയമനിർമാണ സഭ അടിച്ചു തകർക്കുകയും അക്രമങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത വി. ശിവൻകുട്ടി വിദ്യാഭ്യാസമന്ത്രിയായിരിക്കുന്നത് വിദ്യാഭ്യാസമേഖലയുടെ അധഃപതനത്തിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോസ് ഊരകാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗങ്ങളായ സി.പി. മാത്യു, എ.പി. ഉസ്മാൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എം.ഡി. അർജുനൻ, ആഗസ്തി അഴകത്ത്, ജയ്‌സൺ കെ. ആന്റണി, കെ.ബി. സെൽവം എന്നിവർ പ്രസംഗിച്ചു.