മുള്ളരിങ്ങാട്: വണ്ണപ്പുറം പഞ്ചായത്തിലെ മുള്ളരിങ്ങാട് കേന്ദ്രമാക്കി എടിഎം സെന്റർ അനുവദിക്കണമെന്ന് കേരള കോൺഗ്രസ് (എം )മുള്ളരിങ്ങാട് മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. വണ്ണപ്പുറം പഞ്ചായത്തിലെ അതിർത്തിപ്രദേശമായ മുള്ളരിങ്ങാട് തൊടുപുഴ നിയോജക മണ്ഡലത്തിലെ ഏറ്റവും പിന്നാക്ക പ്രദേശമാണ്. ഇടുക്കി നിയോജകമണ്ഡലത്തിലേക്ക് ചേർന്നു കിടക്കുന്ന മലയോര മേഖലയാണിത്. പൊതുമേഖലാ , ദേശസാൽകൃത ബാങ്കുകൾ ഈ പ്രദേശത്ത് ഇല്ലാത്തതുമൂലം ബാങ്ക് പരമായ ക്രയവിക്രയങ്ങൾക്ക് ജനങ്ങൾ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. വണ്ണപ്പുറം പഞ്ചായത്തിലെ ആറ് വാർഡുകൾ ഈ മേഖലയിലാണ്. 5 കിലോമീറ്റർ അധികം അകലെയുള്ള വണ്ണപ്പുറം ടൗണിൽ എത്തിയെങ്കിൽ മാത്രമേ ബാങ്ക് ഇടപാടുകൾ നടത്താൻ കഴിയുകയുള്ളു.. മുള്ളരിങ്ങാട് കേന്ദ്രമാക്കി അനുവദിക്കപ്പെട്ട സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുള്ളരിങ്ങാട് ബ്രാഞ്ച് ഇരിക്കുന്നത് വണ്ണപ്പുറം ടൗണിലാണ്. ആയതിനാൽ ഈ മേഖലയിലെ ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായ എടിഎം സെന്റർ അനുവദിക്കാൻ അധികാരികൾ തയ്യാറാകണമെന്ന് മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ യോഗം ഉദ്ഘാടനം ചെയ്തു. ഷിബു പോത്തനാമൂഴി അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് (എം )ലേക്ക് പുതുതായി കടന്നു വന്നവർക്ക് സ്റ്റിയറിംഗ് കമ്മിറ്റി അംഗം അഗസ്റ്റിൻ വട്ടക്കുന്നേൽ മെമ്പർഷിപ്പ് നൽകി. നേതാക്കളായ ജയകൃഷ്ണൻ പുതിയേടത്ത്, വണ്ണപ്പുറം മണ്ഡലം പ്രസിഡന്റ് ജോജോ അറക്കകണ്ടം, പി ജി ജോയ്, തോമസ് തെങ്ങുംതോട്ടം, പി.ജി സുരേന്ദ്രൻ, തങ്കച്ചൻ മേട്ടുമ്പുറം, ഡെൻസിൽ വെട്ടികുഴിച്ചാലിൽ, ഷിബു പുല്ലും പുറത്ത്, സിനു അയ്യൻകോലിൽ, സിബി കാരാടിയിൽ, ജോബി കെ.ബി, ജസ്റ്റിൻ ജോർജ്, ഷാജി പി ഒ, മനു പി ജോയ്, മനീഷ് മാത്യു, ജിബിൻ ലാലു, ജസ്റ്റിൻ സേവ്യർ തുടങ്ങിയവർ പ്രസംഗിച്ചു.