ന്യൂഡൽഹി: കാട്ടാനയുടെയും മറ്റു വന്യമൃഗങ്ങളുടെയും തുടർച്ചയായ ആക്രമണത്തിൽ കൃഷിക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് സർക്കാരിന്റെ ഭാഗത്ത് നിന്നും ഇടപെടൽ ഉണ്ടാകുന്നതിന് സഭാ നടപടികൾ നിറുത്തിവച്ച് ചർച്ച ചെയ്യുന്നതിന് ഡീൻ കുര്യാക്കോസ് എം.പി. അടിയന്തിര പ്രമേയത്തിന് ലോക് സഭയിൽ നോട്ടീസ് നൽകി. കഴിഞ്ഞ 10 വർഷത്തിനിടയിൽ 40 ആളുകൾ കാട്ടാനയുടേയും, മറ്റു വന്യമൃഗങ്ങളുടേയും ആക്രമണത്തിൽ മരണപ്പെട്ടിട്ടുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ വനഭൂമിയും കൃഷിസ്ഥലവും അതിർത്തി പങ്കിടുന്ന പാർലമെന്റ് മണ്ഡലം ഇടുക്കിയാണ്. എല്ലാ മേഖലയിലും വന്യജീവികളുടെ ആക്രമണം ഉച്ചസ്ഥായിയിലാണ്. ഏക്കർ കണക്കിന് കൃഷി ഭൂമികൾ നശിക്കപ്പെട്ടു. ആവശ്യത്തിന് മുൻകരുതലും പ്രതിരോധ മാർഗങ്ങളും കണ്ടെത്താൻ സർക്കാർ പരാജയപ്പെട്ടു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സർക്കാർ ബാദ്ധ്യസ്ഥരാണ്. ഇക്കാര്യത്തിൽ അടിയന്തിരമായ പ്രശ്‌ന പരിഹാരം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടാണ് എം.പി നോട്ടീസ് നൽകിയത്. പെഗാസസ് വിഷയത്തിൽ തുടർച്ചയായി പാർലമെന്റ് നടപടികൾ തടസ്സപെടുന്നതിനാൽ പ്രമേയം ചർച്ചക്ക് എടുത്തില്ല.