college

മൂന്നാർ: മണ്ണിടിച്ചിലിനെ തുടർന്ന് അപകട ഭീഷണിയിലായ ദേശീയപാതയോരത്തെ സർക്കാർ കോളേജിന്റെ കെട്ടിടങ്ങളിൽ ഒന്ന് നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിച്ച് നീക്കി. ഇന്നലെ ഉച്ചയ്ക്ക് ശേഷം ലൈബ്രറി കെട്ടിടമാണ് പൊളിച്ചത്. എറണാകുളം ആസ്ഥാനമായുള്ള ഗ്രീൻ വർത്ത് ഇൻഫ്രാസ്ട്രക്ച്ചർ പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തിലുള്ള ഇരുപതോളം ജോലിക്കാർ ചേർന്നാണ് കെട്ടിടം പൊളിച്ചത്. ദേശീയ പാതയിലൂടെയുള്ള ഗതാഗതം നിറുത്തിവച്ച ശേഷമായിരുന്നു സ്ഫോടനത്തിലൂടെ കെട്ടിടം തകർത്തത്. സുരക്ഷാ നടപടികൾ പാലിച്ച് പ്രദേശത്തെ മൺതിട്ടയ്ക്ക് ഇളക്കം സംഭവിക്കാത്ത വിധത്തിലായിരുന്നു പൊളിക്കൽ.

രണ്ടാമത്തെ കെട്ടിടം സാധാരണ നിലയിൽ അടുത്ത ദിവസങ്ങളിലായി പൊളിച്ച് നീക്കും. മഴയാരംഭിച്ചതോടെ ദേശീയപാതയോരത്ത് അപകട ഭീഷണി ഉയർത്തിയിരുന്ന കോളേജ് കെട്ടിടങ്ങൾ പൊളിച്ച് നീക്കാൻ ജില്ലാ ഭരണകൂടം നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊളിക്കൽ നടപടി തുടരുന്നത്.

2018ലെ പ്രളയത്തിലാണ് കൊച്ചി- ധനുഷ്കോടി ദേശീയ പാതയിൽ ദേവികുളം ബോട്ടാണിക്കൽ ഗാർഡന് സമീപം സ്ഥിതി ചെയ്യുന്ന കോളേജിന്റെ ഒരു ഭാഗം പൂർണമായും തകർന്നത്. ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് നടത്തിയ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി കോളേജിന്റെ മറ്റ് കെട്ടിടങ്ങൾ കാലവർഷത്തിൽ വീണ്ടും തകർന്നു. ഇത്തവണ പെയ്ത കനത്ത മഴയിൽ കോളേജിന്റെ ഒരു ഭാഗം ഇടിഞ്ഞ് ദേവികുളത്തേക്കുള്ള വാഹന ഗതാഗതം പൂർണമായും നിലച്ചു. അപകടാവസ്ഥയിൽ അവശേഷിക്കുന്ന കെട്ടിടങ്ങൾ പൊളിച്ചു നീക്കാൻ ഇതോടെ ജില്ലാ കളക്ടർ ഷീബാ ജോർജ് നിർദേശം നൽകുകയായിരുന്നു. നിലവിലെ സാഹചര്യത്തിൽ കോളേജിന് പുതിയ കെട്ടിടം എവിടെ നിർമിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. നിർമാണ നിരോധനമുള്ളതിനാൽ മൂന്നാറിൽ കെട്ടിടം നിർമിക്കുന്നതിന് നിയമപരമായി തടസമുണ്ട്.

കുട്ടികളുടെ പഠനം അനിശ്ചിതാവസ്ഥയിൽ

എ.കെ. മണി എം.എൽ.എയായിരുന്ന കാലത്താണ് മൂന്നാറിൽ ഗവ. കോളേജ് അനുവദിച്ചത്. എസ്. രാജേന്ദ്രൻ എം.എൽ.എയുടെ കാലയളവിൽ വിവിധ ഫണ്ടുകളുപയോഗിച്ച് കെട്ടിടങ്ങളുടെ നിർമാണം പൂർത്തീകരിച്ച് പ്രവർത്തനം ആരംഭിച്ചു. പ്രളയകാലത്ത് കെട്ടിടം തകർന്നതോടെ ക്ലാസുകൾ മൂന്നാർ എൻജിനിയറിംഗ് കോളേജിന്റെ താത്കാലിക കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. ഇവിടത്തെ തീർത്തും പരിമിതമായ സാഹചര്യത്തിലായിരുന്നു കുട്ടികളുടെ പഠനം നടന്നിരുന്നത്. കോളേജ് കെട്ടിടം ഇല്ലാതാകുന്നതോടെ മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ മക്കളുടെ ഉന്നതവിദ്യാഭ്യാസം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. മൂന്നാറിൽ തന്നെ മികച്ച കെട്ടിടം നിർമിക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.