rajaji

പീരുമേട്: തമിഴ് താരം സൂര്യയോടുള്ള ഇഷ്ടം പ്രകടിപ്പിക്കാൻ തകർപ്പൻ വീഡിയോ ചിത്രീകരിച്ച് വൈറലായ തിരുവനന്തപുരം രാജാജി നഗറിലെ (ചെങ്കൽചൂള) ഫ്രീക്കന്മാർ ഇപ്പോൾ സിനിമാ താരങ്ങളാണ്. കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന 'വിരുന്ന്" എന്ന ചിത്രത്തിലാണ് ഇവർ അഭിനയിക്കുന്നത്. വീഡിയോ കണ്ട സംവിധായകനും അണിയറ പ്രവർത്തകരും ഇവരെ ഷൂട്ടിങ്ങിനായി ക്ഷണിക്കുകയായിരുന്നു.

പീരുമേട്ടിൽ ചിത്രീകരണം തുടരുന്ന സിനിമയിൽ മുഴുനീള കഥാപാത്രങ്ങളാണ് ഇവർ. പെൺകുട്ടി ഒഴികെയുള്ള പതിനൊന്നു പേർക്കാണ് അവസരമുള്ളത്. നായകനൊപ്പമുള്ള ആക്ഷൻ രംഗങ്ങളടക്കം ക്ലൈമാക്‌സ് സീനിലും ഇവർ അഭിനയിക്കും. ഇവർ പങ്കെടുത്ത ആദ്യ ദിവസത്തെ ഷൂട്ടിംഗ് പൂർത്തിയായി. കാമറയ്ക് മുന്നിൽ മികച്ച പ്രകടനമാണ് ഇവർ കാഴ്ച വെച്ചതെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. മലയാളം, തമിഴ് ഭാഷകളിൽ ഒരുങ്ങുന്ന ചിത്രത്തിൽ ആക്ഷൻ കിംഗ് അർജുനാണ് നായകവേഷത്തിൽ എത്തുന്നത്. നിക്കി ഗിൽറാണി, മുകേഷ്, ആശാ ശരത്ത്, അജു വർഗീസ്, ഹരീഷ് പേരടി, ധർമ്മജൻ ബോൾഗാട്ടി തുടങ്ങിയവരാണ് ഒപ്പം അണിനിരക്കുന്നത്.