ചെറുതോണി: 2018ലെ പ്രളയത്തിൽ തകർന്ന ചെറുതോണി ബസ് സ്റ്റാൻഡിന് പകരമായി ചെറുതോണി പൊലീസ് സ്റ്റേഷന് സമീപം നിർമ്മിക്കുന്ന ബസ് സ്റ്റാൻഡ് നിർമാണം അടിയന്തരമായി പൂർത്തിയാക്കി വാഹനങ്ങൾക്ക് കയറുവാനുള്ള സാഹചര്യം ഒരുക്കണമെന്ന് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് റോയി കൊച്ചുപുര ആവശ്യപ്പെട്ടു. എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് ഒരു കോടിയോളം രൂപ മുടക്കിയിട്ടും അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങൾ മൂലം തറയുടെ നിർമ്മാണം പോലും പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് രണ്ടാംഘട്ട നിർമ്മാണം എന്ന പേരിൽ നിർമാണപ്രവർത്തനം നടത്താതെ ഉദ്ഘാടനങ്ങൾ മാത്രം നടത്തി പൊതു ജനങ്ങളെ കബളിപ്പിക്കാൻ മന്ത്രിയും കൂട്ടരും തയ്യാറാക്കുന്നത്. ബസ് സ്റ്റാൻഡിന് നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ച് അതിനോട് ചേർന്നുള്ള ഷോപ്പിംഗ് കോംപ്ലക്‌സ് നിർമാണം നടത്തുന്നതിൽ മാത്രമാണ് തൽപരകക്ഷികൾ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.