തൊടുപുഴ: ടോക്കിയോ ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന ഇന്ത്യൻ കായികതാരങ്ങൾക്ക് അഭിവാദ്യമർപ്പിച്ച് ജില്ലാ ഹോക്കി അസോസിയേഷനും ജില്ലാ ഒളിമ്പിക് അസോസിയേഷനും സംയുക്തമായി നടത്തുന്ന 'ഹോക്കി ഗോൾ മാരോ' പ്രോഗ്രാം വെങ്ങല്ലൂർ സോക്കർ സ്‌കൂളിന് സമീപത്തെ 'ഡർബ്ബി ടർഫ്' സ്റ്റേഡിയത്തിൽ ഇന്ന് മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്യും. ജില്ലാ ഹോക്കി അസോസിയേഷൻ പ്രസിഡന്റ് ബിനോയ് മാത്യു അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സെക്രട്ടറി പി. സിനോജ് സ്വാഗതമാശംസിക്കും. വെങ്ങല്ലൂർ സോക്കർ സ്‌കൂളിൽ ആരംഭിക്കുന്ന ഹോക്കി പരിശീലന കേന്ദ്രത്തിലേക്ക് 20 ഹോക്കി സ്റ്റിക്കുകൾ നൽകിക്കൊണ്ട് പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം മർച്ചന്റ്സ് അസോസിയേഷൻ തൊടുപുഴ യൂണിറ്റ് പ്രസിഡന്റ് ടി.സി. രാജു തരണിയിൽ നിർവ്വഹിക്കും. കേരള ഒളിമ്പിക് അസോസിയേഷൻ വൈസ് പ്രസിഡന്റ് ഡോ. പ്രിൻസ് കെ. മറ്റം, ജോയിന്റ് സെക്രട്ടറി ശരത് യു. നായർ, ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സുനിൽ സെബാസ്റ്റ്യൻ, സെക്രട്ടറി എം.എസ്. പവനൻ, ട്രഷറർ എം.എൻ. ബാബു തുടങ്ങിയവർ പങ്കെടുക്കും.