തൊടുപുഴ: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ജാതിവിവേചനത്തിനെതിരെ എസ്.എൻ.ഡി.പി യോഗം വൈദികയോഗം തൊടുപുഴ യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. തൊടുപുഴ സിവിൽ സ്റ്റേഷന് മുമ്പിൽ നടത്തിയ പ്രതിഷേധം വൈദിക യോഗം രക്ഷാധികാരിയും യൂണിയൻ ചെയർമാനുമായ എ.ജി തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനത്തിൽ ജാതിവിവേചനം പാടില്ലെന്ന സുപ്രീംകോടതി വിധി മറികടന്നു കൊണ്ട് മലയാള ബ്രാഹ്മണർ മാത്രം അപേക്ഷ നൽകിയാൽ മതിയെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ജാതിവിവേചനം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ബെന്നി ശാന്തി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് ചെയർമാൻ ഡോ. കെ. സോമൻ മുഖ്യപ്രഭാഷണം നടത്തി. കൺവീനർ വി. ജയേഷ് സംഘടനാ സന്ദേശം നൽകി. വൈദിക യോഗം യൂണിയൻ സെക്രട്ടറി രാമചന്ദ്രൻ ശാന്തി, കെ.എം. മഹേഷ് ശാന്തി തുടങ്ങിയവർ പ്രസംഗിച്ചു.