തൊടുപുഴ: കെടുകാര്യസ്ഥതയും നിസംഗതയും മൂലം നാഥനില്ലാകളരിയായി മാറിയ തൊടുപുഴ ജില്ലാ ആശുപത്രി ജനറൽ ആശുപത്രിയായി ഉയർത്തി അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് കേരള കോൺഗ്രസ് (എം)​ തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റും എച്ച്.എം.സി അംഗവുമായ ജിമ്മി മറ്റത്തിപ്പാറ ആവശ്യപ്പെട്ടു. ജനറൽ ആശുപത്രിയായി ഉയർത്തിയാൽ കൂടുതൽ വിദഗ്ദ്ധ ഡോക്ടർമാരും ഉദ്യോഗസ്ഥരും ഭരണ നിർവ്വഹണത്തിന് പ്രത്യേക സമിതിയും നിലവിൽ വരും. ഇതുവഴി ജനങ്ങൾക്ക് കൂടുതൽ സേവനങ്ങൾ ലഭ്യമാകും. 15 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ച പുതിയ ആശുപത്രി കെട്ടിടം വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങളില്ലാതെ അശാസ്ത്രീയമായാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് മൂലം ടോയ്‌ലറ്റ് ബ്ലോക്കുകൾ ഉപയോഗിക്കാൻ കഴിയാത്ത നിലയിലാണ്. പണി പൂർത്തിയായി ഏഴു വർഷം കഴിഞ്ഞിട്ടും ഫയർ ആൻഡ് സേഫ്‌റ്റി വിഭാഗത്തിൽ നിന്ന് കെട്ടിടത്തിന് എൻ.ഒ.സി ലഭിച്ചിട്ടില്ല. നിർമ്മാണത്തിലുള്ള അപാകത മൂലം പ്ലാന്റുകൾക്കും കെട്ടിടത്തിനും നമ്പർ ലഭിക്കാത്ത സ്ഥിതിയാണ്. ജില്ലാ ആശുപത്രിയിൽ അനുവദിച്ച മാമോഗ്രാം യൂണിറ്റ് സ്ഥാപിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. സ്വീവേജ് പ്ലാന്റ് സ്ഥാപിക്കാൻ ഫണ്ട് അനുവദിച്ച് ഒരു വർഷം കഴിഞ്ഞിട്ടും നടപടിയില്ല. സംസ്ഥാന സർക്കാരിന്റെ നിരന്തരമായ ആവശ്യപ്രകാരം പി.എം കെയറിൽ നിന്നുള്ള ഓക്‌സിജൻ പ്ലാന്റ് ലഭ്യമായി 15 ദിവസത്തിനകം പണി പൂർത്തിയാക്കണമെന്നുണ്ടെങ്കിലും യാതൊരു നടപടികളും ഉണ്ടായില്ല. ജില്ലാ കളക്ടർ കൂടി പങ്കെടുത്ത എച്ച്.എം.സി യോഗത്തിൽ രാഷ്ട്രീയ ഭേദമെന്യേ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചിട്ടും ഒന്നും നടക്കുന്നില്ല. ആശുപത്രിയുടെ അഡ്മിനിസ്‌ട്രേഷൻ സംവിധാനം ആകെ താറുമാറായ അവസ്ഥയിലാണ്. ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പിനും മന്ത്രി വീണാ ജോർജ്ജിനും ജില്ലയുടെ ചുമതലയുള്ള മന്ത്രി റോഷി അഗസ്റ്റിനും പരാതി നൽകുമെന്നും ജിമ്മി മറ്റത്തിപ്പാറ പറഞ്ഞു.