തൊടുപുഴ: സർക്കാർ പ്രഖ്യാപിച്ച വ്യാപാര പാക്കേജ് അപര്യാപ്തമാണെന്ന് മർച്ചന്റ്‌സ് അസോസിയേഷൻ തൊടുപുഴ യൂണിറ്റ് അടിയന്തര സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി. രണ്ട് ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് പലിശയിളവ് അനുവദിക്കുന്നെന്ന പ്രഖ്യാപനം വ്യാപാരികളെ കളിയാക്കുന്നതിന് തുല്യമാണ്. ചെറിയ വ്യാപാരികൾക്ക് പോലും രണ്ട് ലക്ഷം രൂപയിലധികം വായ്പയുണ്ട്. എല്ലാ ദിവസവും കൂടുതൽ സമയം കടകൾ തുറക്കാൻ അനുവദിക്കുകയാണ് കൊവിഡ് പിടിച്ചു നിറുത്താൻ പറ്റിയ എളുപ്പമാർഗമെന്ന് പല വിദഗ്ദ്ധരും ചൂണ്ടികാണിച്ചിട്ടുണ്ട്. എന്നിട്ടും സർക്കാർ ലോക്ക്ഡൗണിന്റെ മറവിൽ ജനങ്ങളെ വരിഞ്ഞു മുറുക്കുകയാണ്. 10 ലക്ഷം രൂപ വരെയുള്ള ലോണുകൾക്ക് പലിശ ഇളവ് അനുവദിക്കണം. വൈദ്യുതി ചാർജിന്റെ ഫിക്‌സഡ് ചാർജ് ഒഴിവാക്കണം.​ അശാസ്ത്രീയമായി ടി.പി.ആർ കണക്കാക്കുന്നത് ഒഴിവാക്കണം.​ സർക്കാർ കെട്ടിടങ്ങളിലെ വാടകക്കാർക്ക് കെട്ടിട നികുതി കുറച്ചത് സ്വാഗതാർഹമാണ്. പക്ഷേ,​ തുറക്കാത്ത വ്യാപാരസ്ഥാപനത്തിലെ വൈദ്യുതിയുടെ ഫിക്‌സഡ് ചാർജ് ഒഴിവാക്കാത്തത് ന്യായീകരിക്കാവുന്നതല്ല. സ്വകാര്യകെട്ടിടങ്ങളിലെ കടകളുടെ വാടകയിലും അനുകൂല നിലപാട് ഉണ്ടായിട്ടില്ല. 15 ലക്ഷം വ്യാപാരികളുള്ള കേരളത്തിൽ ഒരു ശതമാനം വ്യാപാരികൾക്ക് പോലും പ്രയോജനം ഇല്ലാത്ത പാക്കേജാണ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളതെന്ന് ഭരണകക്ഷി അംഗങ്ങൾ പോലും സമ്മതിക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ പറഞ്ഞു. യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം ജോസ് വഴുതനപിള്ളി, ജില്ലാ ജനറൽ സെക്രട്ടറി ആർ. രമേഷ്, അസോസിയേഷൻ ജനറൽ സെക്രട്ടറി നാസർ സൈര, ട്രഷറർ പി.ജി. രാമചന്ദ്രൻ, വൈസ് പ്രസിഡന്റുമാരായ ടോമി സെബാസ്റ്റ്യൻ, അജീവ് പി, ജോയിന്റ് സെക്രട്ടറി ഷെറീഫ് സർഗം, ബെന്നി ഇല്ലിമൂട്ടിൽ,​ യൂത്ത് വിംഗ് പ്രസിഡന്റ് താജു എം.ബി തുടങ്ങിയവർ പങ്കെടുത്തു.