 തീരുമാനം ജില്ലാ വികസന സമിതി യോഗത്തിൽ

ഇടുക്കി: ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം കുറയാത്ത പഞ്ചായത്തുകളിൽ സ്‌പെഷ്യൽ ടീമിനെ നിയോഗിക്കാൻ തീരുമാനം. ജില്ലയിൽ കൊവിഡ് സ്ഥിതി ആശങ്കാജനകമല്ലെങ്കിലും ചില പഞ്ചായത്തുകളിൽ സി, ഡി കാറ്റഗറി മാറ്റമില്ലാതെ നിൽക്കുകയാണ്. ഇവിടങ്ങളിലാണ് സ്പെഷ്യൽ ടീമിനെ നിയോഗിക്കുക. ജില്ലാ വികസന സമിതിയുടെ ഈ സാമ്പത്തിക വർഷത്തെ ആദ്യ യോഗത്തിലാണ് തീരുമാനം. നിലവിൽ ജില്ലയിൽ ഏഴ് മൊബൈൽ ടെസ്റ്റിംഗ് യൂണിറ്റ് ഉണ്ട്. ഇവയുടെ പ്രയോജനം ഈ പഞ്ചായത്തുകളിൽ ലഭ്യമാക്കി മാസ് പരിശോധന നടത്തും. ഇപ്പോൾ ജില്ലയുടെ പരിശോധനാ നിരക്ക് 8.3 ശതമാനമാണ്. അത് അഞ്ചിൽ താഴെയായി കൊണ്ടുവരാൻ തീവ്രശ്രമം നടത്തണം. കടകൾ തുറക്കുന്നതു സംബന്ധിച്ച് സർക്കാർ നിലപാടിന് അനുസൃതമായ തീരുമാനം ഉണ്ടാകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. മറ്റു ജില്ലകളിലെ പോലെ വലിയ പട്ടണങ്ങൾ ഇടുക്കിയിൽ ഇല്ല എന്നത് രോഗവ്യാപന സാധ്യതയെ തടയുന്നതാണ്. ജനങ്ങൾ ഒരേസ്ഥലത്ത് ഒരേസമയത്ത് കേന്ദ്രീകരിക്കുന്നത് ഒഴിവാക്കുന്ന തരത്തിൽ നിശ്ചിത സമയക്രമത്തിൽ കടകൾ തുറക്കുന്ന ക്രമീകരണങ്ങൾ സ്വീകരിക്കും. ജില്ലയിൽ വിവിധ പദ്ധതികൾ വിവിധ വകുപ്പുകളിലൂടെ നടപ്പിലാക്കുന്നതിന്റെ പുരോഗതി വിലയിരുത്തുന്നതിന് ജില്ലാ കളക്ടർ ഷീബാ ജോർജിന്റെ അദ്ധ്യക്ഷതയിൽ ഓൺലൈനായാണ് യോഗം ചേർന്നത്. മുല്ലപ്പെരിയാറിൽ മഴ കുറയുന്ന സാഹചര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നു യോഗം വിലയിരുത്തി. കാറ്റിൽ വലിയ നഷ്ടം സംഭവിച്ച കോടിക്കുളം പഞ്ചായത്തിനായി പ്രത്യേക പാക്കേജ് ആലോചിക്കുന്നുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കുളമാവ് ഡാമിൽ മീൻ പിടിക്കാൻ പോയി കാണാതായി മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകും. വിദ്യാതരംഗിണി പദ്ധതിയനുസരിച്ച് കുട്ടികൾക്ക് മൊബൈൽ ഫോൺ വാങ്ങുന്നതിന് വായ്പാകുടിശിക വിഷയമാക്കരുത്. ഇടുക്കി പാക്കേജ് നടപ്പിലാക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി ബന്ധപ്പെട്ട വകുപ്പുകൾ 15നകം ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകണം. പാക്കേജിൽ കൃഷി, മണ്ണ് സംരക്ഷണം, ക്ഷീരവികസനം, മൃഗസംരക്ഷണം, കുടിവെള്ളം, ഗ്രാമീണ റോഡുകളുടെ വികസനം എന്നിവയ്ക്ക് പ്രാധാന്യം നൽകണമെന്ന് പി.ജെ. ജോസഫ് എം.എൽ.എ നിർദേശിച്ചു. ജില്ലയുടെ രൂപീകരണത്തിന്റെ സുവർണ ജൂബിലിക്ക് പ്രത്യേക ആഘോഷ പദ്ധതികൾ ആവിഷ്‌കരിക്കണമെന്ന വാഴൂർ സോമൻ എം.എൽ.എയുടെ നിർദേശം യോഗം അംഗീകരിച്ചു. പല മേഖലകളിലും കാട്ടാന ഉൾപ്പെടെ വന്യമൃഗങ്ങളുടെ ശല്യം വർദ്ധിച്ചുവരുന്നതായി ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു. സോളാർ ഹാംഗിംഗ് വേലികൾ സ്ഥാപിക്കുന്നതിനെപ്പറ്റി ആലോചിക്കണമെന്ന് വനംവകുപ്പിന് യോഗം നിർദേശം നൽകി. കാലവർഷത്തെ തുടർന്ന് തകർന്ന മൂന്നാർ,​ ദേവികുളം മേഖലകളിലെ റോഡ് നന്നാക്കി ഗതാഗതം സുഗമമാക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് എ. രാജ എം.എൽ.എ പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്, വൈസ് പ്രസിഡന്റ് ഉഷാകുമാരി ടീച്ചർ, ജില്ലാ വികസന സമിതി കമ്മിഷണർ അർജുൻ പാണ്ഡ്യൻ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. ജില്ലാ പ്ലാനിംഗ് ആഫീസർ ഡോ. സാബു വർഗീസ് റിപ്പോർട്ട് അവതരിപ്പിച്ചു.