അദ്ധ്യാപകരും രക്ഷിതാക്കളും ആശങ്കയിൽ
തൊടുപുഴ: തൊടുപുഴ നഗരത്തിനടുത്തുള്ള പ്രമുഖ സ്കൂളിലെ ഓൺലൈൻ ക്ലാസിനിടെ സാമൂഹ്യവിരുദ്ധർ നുഴഞ്ഞുകയറി കേട്ടാലറയ്ക്കുന്ന തെറിയഭിഷേകം നടത്തി. പെൺകുട്ടികളടക്കമുള്ള ക്ലാസിൽ അദ്ധ്യാപിക ക്ലാസെടുക്കുന്നതിനിടെയാണ് രണ്ട് പേർ തമ്മിൽ പരസ്പരം തെറി വിളിച്ചത്. തെറിവിളിയുടെ വീഡിയോ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. അദ്ധ്യാപിക ഇടപെട്ടിട്ടും ഏറെ നേരം തെറിവിളി തുടരുന്നത് വീഡിയോയിൽ നിന്ന് വ്യക്തമാണ്. സൈബർ സെല്ലിന് പരാതി നൽകുമെന്ന് അദ്ധ്യാപിക പറഞ്ഞിട്ടും ഇവർ അസഭ്യം പറയുന്നത് അവസാനിപ്പിച്ചില്ല. എന്നാൽ വിഷയത്തിൽ ആരും ഇതുവരെ പൊലീസിലോ സൈബർ സെല്ലിലോ പരാതി നൽകിയിട്ടില്ല. ഓൺലൈൻ ക്ലാസിന്റെ ലിങ്ക് വഴി സാമൂഹ്യവിരുദ്ധർ നുഴഞ്ഞു കയറിയതാണെന്നാണ് സംശയിക്കുന്നത്. എന്തായാലും വിഷയത്തിൽ രക്ഷിതാക്കളും അദ്ധ്യാപകരും ഒരുപോലെ ആശങ്കയിലാണ്. മലപ്പുറമടക്കമുള്ല മറ്റ് ജില്ലകളിൽ മുമ്പ് സമാനമായ രീതിയിൽ ഓൺലൈൻ ക്ലാസിൽ സാമൂഹ്യവിരുദ്ധർ കയറി പ്രശ്നങ്ങൾ സൃഷ്ടിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത്തരത്തിൽ പുറമെ നിന്ന് ക്ലാസിൽ കയറുന്നവർ അസഭ്യം പറയുകയും അശ്ലീല മെസേജുകൾ വരെ അയക്കുകയുമാണ് ചെയ്യുന്നത്. ചിലയിടങ്ങളിൽ അദ്ധ്യാപകരുമായി വാക്കേറ്റം വരെ ഉണ്ടായിട്ടുണ്ട്. എട്ടാം ക്ലാസ് മുതലുള്ള മുതിർന്ന ക്ലാസുകളിലെ അദ്ധ്യാപനത്തിനിടയിലാണ് ഇത്തരക്കാരുടെ ശല്യം കൂടുതലായുള്ളത്. ക്ലാസിൽ പങ്കെടുക്കുന്ന പെൺകുട്ടികളുടെ ഇമെയിൽ ഐ.ഡിയും മൊബൈൽഫോൺ നമ്പറും ചോർത്തിയെടുത്ത് സ്‌കൂളിൽ നിന്ന് അദ്ധ്യാപകരാണെന്ന വ്യാജേന ഫോണിൽ ബന്ധപ്പെടുന്നതായും പരാതിയുണ്ടായിരുന്നു. സൽപ്പേരിനെ ബാധിക്കുമെന്ന് കരുതി സ്‌കൂൾ അധികൃതരോ അദ്ധ്യാപകരോ പരാതി നൽകാൻ തയ്യാറാകാത്തതാണ് ഇത്തരക്കാർക്ക് വളമാകുന്നത്.
കയറുന്നത് കുട്ടികൾ വഴി
പ്രധാനമായും ഗൂഗിൾ മീറ്റ്, സൂം തുടങ്ങിയ ആപ്പുകൾ വഴിയാണ് ഓൺലൈൻ ക്ലാസുകൾ നടക്കുന്നത്. ഓൺലൈൻ ക്ലാസുകളിൽ പ്രവേശിക്കുന്നതിനായി ക്ലാസുകൾ ആരംഭിക്കുന്നതിന് അഞ്ചോ പത്തോ മിനിറ്റുകൾക്ക് മുമ്പ് മാത്രമാണ് കുട്ടികൾക്ക് മീറ്റിങ് ഐ.ഡിയും പാസ് വേർഡും കൈമാറുന്നത്. ഇത് കൈക്കലാക്കിയാണ് സാമൂഹ്യ വിരുദ്ധർ ക്ലാസുകളിൽ കയറുന്നത്. കുട്ടികളിൽ നിന്ന് തന്നെയാണ് രഹസ്യ ഐ.ഡികൾ ചോരുന്നതെന്നാണ് അന്വേഷണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ക്ലാസുകളിൽ കയറാനുള്ള ലിങ്കുകൾ ഒരു കാരണവശാലും മറ്റാർക്കും കൈമാറരുതെന്ന് അധ്യാപകർ കർശന നിർദേശം നൽകുന്നുണ്ടെങ്കിലും ഇത് പലരും കൃത്യമായി പാലിക്കപ്പെടുന്നില്ല.