തൊടുപുഴ: കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ ഖാദി ഓണംമേളയുടെ ജില്ലാ തല ഉദ്ഘാടനം നഗരസഭാദ്ധ്യക്ഷൻ സനീഷ് ജോർജ് നിർവഹിച്ചു. ഖാദി ഗ്രാമസൗഭാഗ്യയിൽ നടന്ന ആദ്യ വിൽപ്പന നഗരസഭാംഗം പി.ജി. രാജശേഖരൻ നിർവഹിച്ചു. 20 വരെ തുടരുന്ന മേളയിൽ കോട്ടൺ തുണിത്തരങ്ങൾ, സിൽക്ക് സാരികൾ, ഷർട്ടിങ് മുണ്ടുകൾ, പഞ്ഞിക്കിടക്കകൾ, തലയണകൾ, ഗ്രാമീണ ഉത്പന്നങ്ങളായ തേൻ, നല്ലെണ്ണ, സോപ്പ്, സ്റ്റാർച്ച് മുതലായവ ലഭിക്കും. ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം വരെ ഗവ. റിബേറ്റും ലഭിക്കും. അർധസർക്കാർ ജീവനക്കാർക്ക് ക്രെഡിറ്റ് സൗകര്യവും ലഭ്യമാക്കിയിട്ടുണ്ടെന്ന് ജില്ലാ ഖാദി ഗ്രാമവ്യവസായ പ്രോജക്ട് ആഫീസർ അറിയിച്ചു. കട്ടപ്പനയിലും തൊടുപുഴ മാതാ ഷോപ്പിങ് ആർക്കേഡിൽ പ്രവർത്തിക്കുന്ന ഖാദി ഗ്രാമസൗഭാഗ്യയിലും മേളകൾ സംഘടിപ്പിച്ചിട്ടുണ്ട്.