anil
ഭക്ഷ്യപൊതുവിതരണ മന്ത്രി ജി ആർ അനിൽ തൊടുപുഴയിലെ വെയർഹൗസ് ഗോഡൗണിൽ പരിശോധന നടത്തുന്നു.

തൊടുപുഴ: തൊടുപുഴയിലെ എൻ.എഫ്.എസ്.എ ഗോഡൗണിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിലിന്റെ മിന്നൽ സന്ദർശനം. അരി, ഗോതമ്പ് തുടങ്ങിയവ സൂക്ഷിച്ചിരിക്കുന്ന എല്ലാ മുറികളിലും മന്ത്രി കയറി പരിശോധിച്ചു. താലൂക്ക് സപ്ലൈ ആഫീസർ ബൈജു കെ. ബാലൻ, സപ്ലൈകോ തൊടുപുഴ ഡിപ്പോ മാനേജർ റിച്ചാർഡ് ജോസഫ്, എൻ.എഫ്.എസ്.എ ആഫീസർ ഇൻ ചാർജ് നോയൽ ടി. പീറ്റർ എന്നിവർ ഗോഡൗണിന്റെ പ്രവർത്തന രീതികൾ മന്ത്രിക്ക് വിശദീകരിച്ചു. ഗോഡൗണിലെ തൊഴിലാളികൾ തങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനും തങ്ങളുടെ വാഹനം പാർക്ക് ചെയ്യുന്നതിനുമുള്ള സൗകര്യങ്ങൾ ഒരുക്കി തരണമെന്ന് മന്ത്രിയോട് അഭ്യർത്ഥിച്ചു. ഉടൻ പരിഹാരമുണ്ടാക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി. ഓണ കിറ്റ് വിതരണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി മന്ത്രി പറഞ്ഞു. തിങ്കളാഴ്ച രാവിലെ എട്ടര മുതൽ കേരളത്തിലെ 14000 ൽ അധികം കടകളിൽ ഭക്ഷ്യ കിറ്റിന്റെ വിതരണം ആരംഭിക്കും. 18ന് വിതരണം പൂർത്തിയാക്കും. വിലക്കയറ്റം തടയാൻ മാർക്കറ്റിൽ സർക്കാരിന്റെ കൃത്യമായ ഇടപെടൽ ഉണ്ടാവും. ഓണത്തോടനുബന്ധിച്ച് എല്ലാ ഭക്ഷ്യ ഗോഡൗണുകളിലും ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധനകൾ നടത്തും. റേഷൻ കടകളിലും ഗോഡൗണുകളിലും നടത്തുന്ന പരിശോധനകളിലൂടെ ഭക്ഷ്യയോഗ്യമല്ലാത്ത ഉത്പന്നങ്ങൾ പിടിച്ചെടുത്ത് നശിപ്പിക്കാനും നടപടിയെടുക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. അളവിലും തൂക്കത്തിലും കൃത്യത ഉറപ്പ് വരുത്തി ഗുണമേന്മയുള്ള ഉത്പന്നങ്ങൾ ജനങ്ങൾക്കെത്തിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.