നീലേശ്വരം: മിഥുനം പാതി പിന്നിട്ടിട്ടും കാലവർഷം കനിയാത്തതിനെ തുടർന്ന് പാകമായ ഞാറുകൾ പറിച്ചുനടാനാകാതെ നശിക്കുന്നു. തേജസ്വിനി തീരത്തെ പ്രധാന പാടശേഖരമായ കയ്യൂരിലെ കാഴ്ച കണ്ടാൽ മതിയാകും മഴ ഇക്കുറി കർഷകരെ എങ്ങനെ ചതിച്ചുവെന്ന് മനസിലാകാൻ.
25 ഏക്കർ പരന്നുകിടക്കുന്ന പ്രധാന പാടശേഖരത്തിൽ ഞാറ് പറിച്ചുനടാൻ സാധിച്ചിട്ടില്ല. കുളങ്ങളിലും കിണറുകളിലും മോട്ടോർ വച്ച് വെള്ളം പമ്പ് ചെയ്ത് കഷ്ടപ്പെടുകയാണ് കർഷകർ. തൊഴിലുറപ്പ് പദ്ധതി തുടങ്ങിയിട്ടില്ലാത്തതിനാൽ സ്ത്രീതൊഴിലാളികൾ ഞാറ് നടാൻ സന്നദ്ധരായിരിക്കെയാണ് വെള്ളം ലഭിക്കാത്തത് തിരിച്ചടിയായത്.
കയ്യൂരിലെ കുണ്ടേൻ മൂലയിൽ രണ്ടാം വിളയായ പുഞ്ചകൃഷി ചെയ്യാറുണ്ടെങ്കിലും മറ്റ് ഭാഗങ്ങളിൽ ഒറ്റ വിള മാത്രമെ കൃഷി ചെയ്യുന്നുള്ളു. ഒറ്റ വിള ചെയ്യുന്ന വയലിലാണ് ഇപ്പോൾ മഴയില്ലാത്തതിനാൽ വെള്ളം കിട്ടാതെ കർഷകർ പമ്പും മറ്റും ഉപയോഗിച്ച് ഞാറ് നടാൻ ശ്രമം നടത്തുന്നത്.മഴ കനത്താൽ മാത്രമെ കയ്യൂർ വയലിൽ വെള്ളം കിട്ടുകയുള്ളു.
മഴ കനത്താൽ കയ്യൂർ അമ്പത്തോട്ടിൽ വെള്ളം കെട്ടി നിന്നാൽ കൃഷി നശിക്കുമെന്ന പ്രശ്നവുമുണ്ട്. എന്നാൽ ഈ ഞാറ്റുവേല സമയത്തും മഴ കിട്ടാതെ ഞാറ് പറിച്ച് നടാൻ പറ്റാത്ത അവസ്ഥയിലാണ് കയ്യൂരിലെ നെൽകർഷകർ. പമ്പ് ഉപയോഗിച്ച് വെളളം നനച്ച് പറിച്ച് നട്ട ഞാറ് ഇപ്പോൾ വയൽ ഉറച്ച് തിരി വരാൻ പറ്റാത്ത പാകത്തിലുമാണുള്ളത്.