കാസർകോട്: സ്വർണ്ണകടത്ത്, സ്ത്രീപീഡനം, മയക്കുമരുന്ന് കച്ചവടം, ക്വട്ടേഷൻ എന്നിവ സി.പി.എമ്മിന്റെ നാല് അടിസ്ഥാന സ്തംഭങ്ങളായി മാറിയെന്ന് ബി.ജെ.പി കാസർകോട് ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത് പറഞ്ഞു. ആയിരം കോടിയുടെ വനംകൊള്ള നടത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക, സ്വർണ്ണക്കടത്ത്, സ്ത്രീ പീഢന സംഘങ്ങളെ അടിച്ചമർത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബി.ജെ.പി സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി കാസർകോട് മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച പദയാത്ര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വനഭൂമിയിലുള്ള മരങ്ങൾ മുറിച്ചുകടത്താൻ നിലവിലുള്ള എല്ലാ നിയമങ്ങളെയും കാറ്റിൽ പറത്തുകയാണ് എല്ലാ നിയമങ്ങളെയും കാറ്റിൽ പറത്തുകയാണ് പിണറായി വിജയൻ സർക്കാർ ചെയ്തിട്ടുള്ളത്. ആദിവാസികൾക്ക് പട്ടയം നൽകിയിട്ടുള്ള ഭൂമിയിൽ നിന്ന് പോലും മരം കടത്തപ്പെട്ടു. വനം കൊള്ള ചർച്ച ചെയ്യുന്നതിന് പകരം പഴയകാലത്തെ വീരകഥകൾ വിളമ്പുകയാണ് കോൺഗ്രസ് പ്രസിഡന്റും മുഖ്യമന്ത്രിയും. പിണറായി ഭരണത്തിൽ വനിതാ കമ്മീഷനിൽ സ്ത്രീകൾക്ക് വിശ്വാസവും പ്രതീക്ഷയും നഷ്ടപ്പെട്ടെന്നും അഡ്വ. കെ. ശ്രീകാന്ത് കുറ്റപ്പെടുത്തി. കാസർകോട് മണ്ഡലം സെക്രട്ടറി ഉമ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മനുലാൽ മേലത്ത് സംസാരിച്ചു. മുനിസിപ്പൽ കമ്മിറ്റി ജനറൽ സെക്രട്ടറി കെ.ജി. മനോഹരൻ സ്വാഗതവും റാം മോഹൻ നന്ദിയും പറഞ്ഞു. പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാരംഭിച്ച പദയാത്ര താലൂക്ക് ഓഫീസിന് മുന്നിൽ സമാപിച്ചു.