azheekal
അഴീക്കൽ

കണ്ണൂർ: തുറമുഖ സ്വപ്നങ്ങൾക്ക് ചിറക് വിരിയിച്ച് അഴീക്കലിലേക്കെത്തുന്ന ചരക്ക് കപ്പലിനെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. കാലാവസ്ഥ അനുകൂലമായാൽ ഇന്നോ നാളെയോ കപ്പൽ അഴീക്കലിലെത്തും. ഇന്ന് ബേപ്പൂരിലെത്തുന്ന കപ്പൽ രാവിലെ അവിടെ നിന്നും പുറപ്പെടും.

അഴീക്കലിന്റെ ചരിത്രത്തിൽ ആദ്യമായാണ് മൺസൂർ കാലത്ത് കപ്പലടുക്കുന്നത്. അതുകൊണ്ട് തന്നെ അതിന്റെ പ്രതിസന്ധികൾ ഏറെയാണ്. കണ്ണൂരിന്റെ വ്യവസായിക വളർച്ചയ്ക്ക് ഏറെ മുന്നേറ്റമുണ്ടാക്കുന്നതാണ് കടൽ വഴിയുള്ള ചരക്ക് നീക്കം. കണ്ണൂരിൽ നിന്ന് മലേഷ്യയിലേക്ക് എട്ട് കണ്ടെയ്നർ പ്ളൈവുഡ് കൊണ്ടുപോകും. മലേഷ്യയിൽ നിന്ന് എട്ടു കണ്ടെയ്നർ ടൈൽസും ഇവിടെയെത്തും. ആഴ്ചയിൽ ഒരു ട്രിപ്പ് നടത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് തുറമുഖ അധികൃതർ.

അഴീക്കൽ ഗ്രീൻഫീൽഡ്‌ തുറമുഖത്തിന്‌ ഈ വർഷംതന്നെ ശിലാസ്ഥാപനം നടത്താനുള്ള നീക്കവും നടക്കുകയാണ്. അന്താരാഷ്‌ട്ര വിമാനത്താവളത്തിനൊപ്പം കണ്ണൂരിന്റെ വികസനത്തെ പുതിയ വിതാനങ്ങളിലേക്ക്‌ നയിക്കുന്ന ബൃഹദ്‌ പദ്ധതിയാണിത്.

'മലബാർ ഇന്റർനാഷണൽ തുറമുഖം' മൂന്നു ഘട്ടമായി

പദ്ധതിക്കായി 'മലബാർ ഇന്റർനാഷണൽ തുറമുഖം' എന്ന പേരിൽ കമ്പനി രജിസ്‌റ്റർചെയ്‌തുകഴിഞ്ഞു. മൂന്നു ഘട്ടമായാണ്‌ വികസനം. പ്രകൃതിദത്തമായ അഴീക്കൽ തുറമുഖം ആധുനിക വൻകിട തുറമുഖമായി വികസിപ്പിക്കാൻ ഒന്നാം പിണറായി സർക്കാർ ആദ്യ ബഡ്ജറ്റിൽ പദ്ധതി പ്രഖ്യാപിക്കുകയായിരുന്നു. കിഫ്‌ബിയിൽനിന്ന്‌ ഇതിനായി 500 കോടി രൂപ വകയിരുത്തി. പ്രത്യേകോദ്ദേശ്യ കമ്പനി (എസ്‌.പി.വി) രൂപീകരിച്ച് വിശദ പ്രോജക്ട്‌ റിപ്പോർട്ട്‌ തയ്യാറാക്കാൻ കൺസൾട്ടൻസിയെയും സർക്കാർ നിയോഗിച്ചിരുന്നു. പുതിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ്‌ നിലവിലുള്ള തുറമുഖത്തിനുപുറത്ത്‌ വൻകിട തുറമുഖം സ്ഥാപിക്കാനുള്ള തീരുമാനം. എന്നാൽ കൊവിഡ്‌ പ്രതിസന്ധിയിൽ പദ്ധതിക്ക് കാലതാമസം നേരിട്ടു.

ഭൂമി ഏറ്റെടുക്കൽ പൂർത്തിയായി

അഴീക്കൽ തുറമുഖ വികസനത്തിനായി വേണ്ട നാല് ഏക്കർ 70 സെന്റ് സ്ഥലത്തിൽ ഏറ്റെടുക്കാൻ ബാക്കിയുള്ള 30 സെന്റ് കൂടി ഏറ്റെടുത്തു. അഴീക്കൽ നോർത്ത് വില്ലേജിൽപ്പെട്ട ഏറ്റെടുത്ത ഭൂമിയുടെ രേഖ കെ.വി. സുമേഷ് എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ എൽ.എ സ്‌പെഷ്യൽ തഹസിൽദാർ വി.കെ. ഷാജി ഹാർബർ എൻജിനീയറിംഗ് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ പി. സുനിൽ കുമാറിന് കൈമാറി. അവസാനമായി ഏറ്റെടുത്ത 30 സെന്റിലെ താമസക്കാരായ മൂന്ന് കുടുംബങ്ങൾക്ക് തൊട്ടടുത്ത സ്ഥലത്ത് മൂന്ന് സെന്റ് വീതം പകരം ഭൂമിയും നഷ്ടപരിഹാരത്തുകയും ലഭ്യമാക്കിയെന്ന് എം.എൽ.എ പറഞ്ഞു.

2007ലാണ് തുറമുഖ വികസനത്തിനാവശ്യമായ നാല് ഏക്കർ 70 സെന്റ് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചത്. നാല് ഏക്കർ 40 സെന്റ് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ നേരത്തേ പൂർത്തിയായിരുന്നുവെങ്കിലും തുറമുഖത്തോട് ചേർന്നു കിടക്കുന്ന 30 സെന്റ് ഭൂമി വിട്ടുനൽകാൻ ഉടമകൾ വിസമ്മതിക്കുകയായിരുന്നു.

അഴീക്കൽ തുറമുഖത്തിൽ ചരക്കു നീക്കം സജീവമാകുന്നതോടെ കണ്ണൂരിന്റെ പരമ്പരാഗത വ്യവസായത്തെ ശക്തിപ്പെടുത്താൻ കഴിയും. കൂടുതൽ ട്രിപ്പുകൾ നടത്താൻ കഴിയുമോ എന്നു കൂടി ആലോചിക്കുന്നുണ്ട്-ക്യാപ്റ്റൻ പ്രതീഷ് നായർ,​ പോർട്ട് ഓഫീസർ