cantonment
കണ്ണൂർ കന്റോൺമെന്റ് ഉടമസ്ഥതയിലുള്ള മൈതാനം വേലികെട്ടി തിരിക്കാനുള്ള ശ്രമത്തിനെതിരെ വി.ശിവദാസൻ എം.പിയും മേയർ അടക്കമുള്ള ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും പട്ടാള ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നു

കണ്ണൂർ: സെന്റ് മൈക്കിൾസ് സ്‌കൂൾ പരിസരത്തെ പട്ടാളത്തിന്റെ അധീനതയിലുള്ള മൈതാനം വളച്ചുകെട്ടി കമ്പിവേലി കെട്ടാനുള്ള ഡി. എസ്.സി മേധാവികളുടെ നീക്കം നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് താൽക്കാലികമായി നിർത്തിവച്ചു . ഇന്നലെ രാവിലെ പത്തോടെയാണ് തോക്ക് ധാരികളായ ഡി. എസ്.സി കമാൻഡന്റ് പുഷ്പേന്ദ്രകുമാർ ജിംഗ്വാൻ ഉൾപ്പെടെ ഗ്രൗണ്ടിലെത്തി വേലി കെട്ടാൻ ആരംഭിച്ചത്. ഫോട്ടോഗ്രാഫി പാടില്ലെന്ന ബോർഡും സ്ഥാപിച്ചു.

വിവരമറിഞ്ഞ് വി.ശിവദാസൻ എം.പി, കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ മോഹനൻ, സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി, മാർട്ടിൻ ജോർജ് എന്നിവർ സംഭവ സ്ഥലത്തെത്തി പട്ടാള അധികൃതരുമായി ചർച്ച നടത്തി.

വേലി കെട്ടുന്നതിനെതിരേ ജനപ്രതിനിധികൾ ഉൾപ്പെടെ പ്രദേശവാസികളും രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തി. പട്ടാളത്തിന്റെ അധീനതയിലുള്ള സ്ഥലം ഏറ്റെടുത്തുകഴിഞ്ഞാൽ സ്‌കൂളിലേക്കുള്ള വഴി തടസപ്പെടുമെന്നാണ് പ്രദേശവാസികൾ പറയുന്നു. സ്‌കൂളിലേക്ക് മറ്റൊരു വഴി കെട്ടണമെന്നാണ് പട്ടാളത്തിന്റെ നിർദേശം.

നേരത്തെ ബി ഫോർ കാറ്റഗറി ലാന്റായിട്ടാണ് മൈതാനത്തെ മാർക്ക് ചെയ്തിരുന്നത്. നിർമ്മാണം ഇല്ലാതെ നിലനിർത്തുന്ന പട്ടാളത്തിന്റെ ഭൂമിയാണിത്. പക്ഷേ പിന്നീട് ഇത് ഇവിടുത്തെ കന്റോൺമെന്റ് ബോർഡിന്റെ പോലും അനുവാദമില്ലാതെ എ വൺ ലാന്റാക്കി മാറ്റുകയായിരുന്നു. എ വൺ ലാന്റാകുമ്പോൾ കർശനമായ നിയന്ത്രണം വരും.

വിളക്കുതറ മൈതാനം കമ്പിവേലി കെട്ടി തടസ്സപ്പെടുത്താനുള്ള ഡി. എസ്.സി അധികൃതരുടെ നീക്കം പിൻവലിക്കണമെന്ന് രാമചന്ദ്രൻ കടന്നപ്പള്ളി എം. എൽ. എ പ്രതിരോധമന്ത്രാലയത്തിനോട് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കും മറ്റും കടന്നപ്പള്ളി നിവേദനം നൽകി.


ദുരുപയോഗമെന്ന് പട്ടാളം ;ഇല്ലെന്ന് സ്‌കൂൾ

പട്ടാളത്തിന്റെ അധീനതയിലുള്ള സ്ഥലമാണെങ്കിലും രാഷ്ട്രീയ, സാംസ്‌കാരിക പരിപാടികൾക്ക് എല്ലാവരും ഉപയോഗിച്ചിരുന്നു. മൈതാനം ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ചാണ് പട്ടാളം രംഗത്തെത്തിയത്. എന്നാൽ അത്തരത്തിൽ ആരും ഗ്രൗണ്ടിനെ ദുരുപയോഗം ചെയ്തിട്ടില്ലെന്നാണ് സ്‌കൂൾ അധികൃതർ ഉൾപ്പെടെ വ്യക്തമാക്കുന്നത്. കുട്ടികൾക്ക് കളിക്കാൻ സ്‌കൂളിനുള്ളിൽ തന്നെയുള്ള വിശാലമായ ഉപയോഗിച്ചാൽ മതിയെന്നാണ് പട്ടാളത്തിന്റെ നിലപാട്.

കന്റോൺമെന്റ് ബോർഡിനെ മറികടന്ന്

കന്റോൺമെന്റ് ബോർഡിനെ പോലും മറികടന്നാണ് കേന്ദ്രത്തിൽ നിന്നും നേരിട്ടുള്ള ഉത്തരവെന്ന പേരിൽ വേലി കെട്ടാനുള്ള തീരുമാനമെടുത്തത്. പൗരത്വഭേദഗതിക്കെതിരേ ഇവിടെ നടന്ന വലിയ പ്രതിഷേധത്തിന്റെ വിഡിയോ വച്ച് ദേശ ദ്രോഹങ്ങൾക്കെതിരേ ഉപയോഗിക്കുന്നുവെന്ന് കേന്ദ്ര സർക്കാരിനെ തെറ്റിദ്ധരിപ്പിച്ചാണ് ഇത്തരത്തിലൊരു ഉത്തരവ് കൈപ്പറ്റിയതെന്നും ആരോപണമുണ്ട്.