കണ്ണൂർ: കൊവിഡിന്റെ രണ്ടാം തരംഗത്തിൽ ഇപ്പോൾ നടപ്പിലാക്കി കൊണ്ടിരിക്കുന്ന ടി.പി.ആർ നിരക്കിന്റെ ആനുപാതം വെച്ചുള്ള കാറ്റഗറി ഒഴിവാക്കി ഒന്നാം കൊവിഡ് സമയത്ത് നടപ്പിൽ വരുത്തി പ്രയോഗികമാക്കിയ മൈക്രോ കണ്ടെയിൻമെന്റ് സോൺ എന്ന നിലയിലുള്ള ചെറിയ പ്രദേശങ്ങൾക്ക് മാത്രം നിയന്ത്രണമേർപ്പെടുത്തിയുള്ള രീതി നടപ്പാക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ജില്ലാ നേതൃ യോഗം ആവശ്യപ്പെട്ടു.
പൊതുഗതാഗത മടക്കം എല്ലാ മേഖലകളിലും നിയന്ത്രണങ്ങളിൽ വലിയ ഇളവ് അനുവദിക്കുമ്പോൾ കൊവിഡ് വ്യാപനത്തിന് കാരണക്കാർ വ്യാപാരികളാണെന്നമട്ടിലുള്ള ചില ഉദ്യോഗസ്ഥരുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും യോഗം വിലയിരുത്തി. യോഗത്തിൽ ജില്ലാ പ്രസിഡന്റ് വി. ഗോപിനാഥ് അദ്യക്ഷനായി. ജില്ലാ സെക്രട്ടറി പി.എം സുഗുണൻ, എം.എ ഹമീദ് ഹാജി, പി. വിജയൻ, കെ.വി ഉണ്ണിക്കൃഷ്ണൻ, കെ.പി പ്രമോദ്, ഇ. സജീവൻ സംസാരിച്ചു.