ആലക്കോട്: കൊവിഡ് നെഗറ്റീവായി അനുബന്ധ കാരണങ്ങൾ മൂലം മരണമടയുന്നവരെയും കൊവിഡ് മരണത്തിന്റെ കണക്കിൽപ്പെടുത്തണമെന്നുള്ള സുപ്രീംകോടതി വിധിയിൽ വിശ്വാസമർപ്പിച്ച് മലയോരത്ത് 25 ഓളം കുടുംബങ്ങൾ. ആലക്കോട്, ഉദയഗിരി, നടുവിൽ എന്നീ പഞ്ചായത്തുകളിലായി കഴിഞ്ഞ 15 മാസത്തിനുള്ളിൽ കൊവിഡ് ബാധിച്ചതിനെത്തുടർന്ന് മരണപ്പെട്ടത് 50 ലധികം ആളുകളാണ്. എന്നാൽ ഇതിൽ പകുതിയിലധികം ആളുകളുടെയും മരണം കൊവിഡ് നെഗറ്റീവ് ആയതിനു ശേഷമാണ്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇവരിൽ ബഹുഭൂരിപക്ഷവും മരണമടഞ്ഞതെങ്കിലും കൊവിഡ് മൂലമാണ് മരണം സംഭവിച്ചതെന്ന് രേഖപ്പെടുത്തുവാൻ ആരോഗ്യവകുപ്പ് അധികൃതർ തയ്യാറായില്ല.
സുപ്രീം കോടതി വിധി നടപ്പിലാക്കുമ്പോൾ മരണപ്പെട്ടവരിൽ എത്രപേരുടെ കുടുംബങ്ങൾക്ക് നീതി കിട്ടുമെന്നതും ആശങ്കയുണർത്തുന്നു. ഒരാഴ്ച മുതൽ ഒന്നരമാസം വരെ ആശുപത്രികളിൽ ചികിത്സയിൽ കഴിഞ്ഞവരുണ്ട്. കൊവിഡ് നെഗറ്റീവ് ആയതിനെത്തുടർന്ന് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്ത് വീട്ടിലെത്തിയ ശേഷം ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് വീണ്ടും ആശുപത്രിയൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നടത്തിവരുന്നതിനിടെ മരണമടഞ്ഞവരുണ്ട്. ലക്ഷങ്ങൾ മുടക്കി വിദഗ്ധ ചികിത്സ ലഭ്യമാക്കിയിട്ടും മരണത്തിനു കീഴടങ്ങിയവരുടെ കുടുംബങ്ങൾക്ക് മരണകാരണം കൊവിഡ് ബാധിച്ചതിനെത്തുടർന്നാണെന്നുള്ള സർട്ടിഫിക്കറ്റ് ലഭിക്കാൻ എന്തെല്ലാം കടമ്പകൾ കടക്കേണ്ടിവരുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.