കണ്ണൂർ: മലബാറിലെ വാണിജ്യ– വ്യവസായ മേഖലകളിൽ ഉണർവ് പകർന്ന് കൊച്ചി- മലബാർ ചരക്കുകപ്പൽ ഇന്ന് അഴീക്കൽ തുറമുഖത്തെത്തും. ബേപ്പൂർ- അഴീക്കൽ തുറമുഖങ്ങളെ ബന്ധിപ്പിച്ചുള്ള തീരദേശ കപ്പൽ കൊച്ചിയിൽനിന്ന് പുറപ്പെട്ടു. കഴിഞ്ഞ ദിവസം വൈകിട്ടാണ് ഗോവയിൽനിന്നുള്ള റൗണ്ട് ദ കോസ്‌റ്റ് ഷിപ്പിംഗ് കമ്പനിയുടെ എം.വി ഹോപ്പ് സെവൻ കപ്പൽ കൊച്ചിയിലെത്തിയത്. 25നാണ് കപ്പൽ ഗോവയിൽനിന്നു പുറപ്പെട്ടത്. പ്രതികൂല കാലാവസ്ഥ കാരണമാണ് കൊച്ചിയിലെത്താൻ വൈകിയത്.
വിദേശത്തുനിന്നും വിവിധ ഇന്ത്യൻ തുറമുഖങ്ങളിൽനിന്നും കൊച്ചിയിലെത്തുന്ന കണ്ടെയ്‌നറുകൾ കുറഞ്ഞ ചെലവിൽ മലബാറിലെ ജില്ലകളിലെത്തിക്കാൻ ചരക്ക് കപ്പൽ സഹായകമാവും. ഭാവിയിൽ മലബാറിൽനിന്നുള്ള ചരക്ക് കൊച്ചി തുറമുഖത്ത് എത്തിക്കാനും തീരദേശ കപ്പൽ പ്രയോജനപ്പെടും. റോഡ് വഴിയാണ് നിലവിലുള്ള ചരക്കുനീക്കം പൂർണമായും നടക്കുന്നത്.
ഇതിനേക്കാൾ 30 ശതമാനം കടുത്തുകൂലി സമുദ്ര മാർഗം കുറയുമെന്നതാണ് വാണിജ്യ സമൂഹത്തിനുള്ള ആശ്വാസം. തുടക്കത്തിൽ ആഴ്‌ചയിൽ രണ്ട് വീതം സർവീസ് നടത്താനാണ് തീരുമാനം.
ഇന്നലെ രാവിലെ ആറിന് ബേപ്പൂരിൽനിന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ ഫ്ലാഗ് ഓഫ് ചെയ്ത ചരക്ക് കപ്പൽ ഇന്ന് രാവിലെ 7.30ന് അഴീക്കൽ തുറമുഖത്തെത്തുമെന്ന് പോർട് ഓഫീസർ ക്യാപ്‌റ്റൻ പ്രതീഷ് നായർ അറിയിച്ചു.
സ്ഥലമെടുപ്പ് നടപടികളും വികസനത്തിന് ആക്കം കൂട്ടും
2007ലാണ് തുറമുഖ വികസനത്തിനാവശ്യമായ നാല് ഏക്കർ 70 സെന്റ് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചത്. തുറമുഖ വികസനത്തിനാവശ്യമായ കെട്ടിടങ്ങളും മറ്റ് സൗകര്യങ്ങളും ഒരുക്കുന്നതിനു വേണ്ടിയായിരുന്നു ഇത്. എന്നാൽ ഇതിൽ നാല് ഏക്കർ 40 സെന്റ് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ നേരത്തേ പൂർത്തിയായിരുന്നുവെങ്കിലും തുറമുഖത്തോട് ചേർന്നു കിടക്കുന്ന 30 സെന്റ് ഭൂമി വിട്ടുനൽകാൻ ഉടമകൾ വിസമ്മതിച്ചതിനെ തുടർന്ന് തുറമുഖ വികസനം തടസ്സപ്പെടുകയായിരുന്നു.